ഈ ടീമില്‍ അഭിമാനം. നടത്തിയത് മികച്ചൊരു തിരിച്ചുവരവ് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.

മൊഹമ്മദൻസിനെതിരായ മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലന്‍ സ്റ്റാറെ. ആദ്യ പകുതിയില്‍ മിർജലോൽ കാസിമോവാവിന്റെ ഗോളിൽ പുറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിലെ ക്വമെ പെപ്രയുടെയും ജീസസ് ജിമെനെസിന്റെയും ഗോളുകളിൽ വിജയിക്കുകയായിരുന്നു.

” മൊഹമ്മദൻസ് ഒരു മികച്ച ടീമാണ്. അവര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ ഞങ്ങളേക്കാള്‍ നന്നായി കളിച്ചു. ഞങ്ങള്‍ക്ക് ധാരാളം പന്ത് നഷ്ടമായി. ഞങ്ങളുടെ ആദ്യ പകുതിയിലെ പ്രകടനത്തില്‍ ഞാന്‍ നിരാശനായിരുന്നു. ആദ്യ പകുതിക്ക് ശേഷം മികച്ചൊരു ടീം ചര്‍ച്ചക്ക് ശേഷമാണ് രണ്ടാം പകുതി കളിച്ചത് ” സ്റ്റാറെ പറഞ്ഞു.

ടീം രണ്ട് ഗോളുകൾ നേടിയത് കളിയുടെ ഗതിമാറ്റിയെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ പിന്നിലേക് വലിഞ്ഞപ്പോൾ, ആക്രമണത്തിലേക്ക് കൂടുതൽ ആൾക്കാരെ എത്തിക്കാനായത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാന്‍ കാരണമായി എന്നും അദ്ദേഹം പറഞ്ഞു.

”ഈ ടീമിൽ ഞാൻ അഭിമാനിക്കുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിന് വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ്. ഈ വിജയം ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ആദ്യ പകുതിക്ക് ശേഷം മികച്ചൊരു തിരിച്ചു വരവാണ് ഞങ്ങള്‍ നടത്തിയത്.” – അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.