ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിസര്‍ലന്‍റിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് പറങ്കിപടയുടെ വിജയം. റൊണാള്‍ഡോക്ക് പകരം പ്ലേയിങ്ങ് ഇലവനില്‍ എത്തിയ റാമോസ് ഹാട്രിക്ക് അടിച്ചു. മൊറോക്കയാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയാണ് പോര്‍ച്ചുഗല്‍ ആദ്യ പകുതി ആരംഭിച്ചത്. റൊണാള്‍ഡോക്ക് പകരം ഗൊണല്‍സാലോ റാമോസാണ് മുന്നേറ്റ നിരയില്‍ എത്തിയത്.
തന്ത്രപരമായ തീരുമാനമായാലും അച്ചടക്ക നടപടിയായാലും, ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചില്‍ ഇരുത്താനുള്ള ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനം പോർച്ചുഗലിന്റെ ആദ്യ പകുതിയിലെ മികച്ച പ്രകടനത്തിലൂടെ പൂർണ്ണമായും ശരിവയ്ക്കപ്പെട്ടു.
റൊണാൾഡോയ്ക്ക് പകരക്കാരനായെത്തിയ യുവതാരം റാമോസാണ് ആദ്യ ഗോൾ നേടിയത്. 17ാം മിനിറ്റില്‍ ടൈറ്റ് ആംഗിളില്‍ നിന്നും തകര്‍പ്പന്‍ സ്ട്രൈക്കിലൂടെയാണ് റാമോസ് പോര്‍ച്ചുഗലിനായി ലീഡ് നേടി കൊടുത്തത്.
32ാം മിനിറ്റില്‍ വെറ്ററന്‍ താരം പെപ്പേ ലീഡ് ഉയര്‍ത്തി.ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ കോര്‍ണറില്‍ ഹെഡറിലൂടെയാണ് പെപ്പേ ഗോള്‍ സ്കോര്‍ ചെയ്തത്.
രണ്ടാം പകുതിയില്‍ വീണ്ടും റാമോസ് ഗോള്‍ സ്കോര്‍ ചെയ്തു. ഇത്തവണ ഡാലട്ടിന്‍റെ ക്രോസില്‍ ഫ്ലിക്ക് ചെയ്യേണ്ട കാര്യമേ താരത്തിനുണ്ടായിരുന്നുള്ളു. തന്‍റെ ആദ്യ രാജ്യാന്തര സ്റ്റാര്‍ട്ടില്‍ തന്നെ ഇരട്ട ഗോളടിക്കാന്‍ താരത്തിനു കഴിഞ്ഞു.
57ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്‍റെ നാലാം ഗോളിനായി റാമോസ് അസിസ്റ്റ് നല്‍കി. ഗ്വരേരോയാണ് ഗോള്‍ സ്കോര്‍ ചെയ്തത്.
എന്നാല്‍ തൊട്ടു പിന്നാലെ അക്കാഞ്ചി സ്വിസര്‍ലന്‍റിന്‍റെ ഒരു ഗോള്‍ മടക്കി. 1954 നു ശേഷം ഇതാദ്യമായാണ് സ്വിസര്‍ലന്‍റ് നോക്കൗട്ട് ഗോള്‍ നേടുന്നത്.
എന്നാല്‍ വീണ്ടും റാമോസ് ഗോളടിച്ചു. ഇത്തവണ ഗംഭീരമായ ക്ലോസ് റേഞ്ച് ഫിനിഷാണ് താരം നടത്തി ഹാട്രിക്ക് അടിച്ചത്.
73ാം മിനിറ്റില്‍ പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങി ഒരു ഗോളടിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നു.
ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ലിയോ പോര്‍ച്ചുഗലിന്‍റെ അറാം ഗോള്‍ നേടി.
ഡിസംബര്‍ 10 ന് ഇന്ത്യന്‍ സമയം 8 30 നാണ് ക്വാര്‍ട്ടര്‍ പോരാട്ടം