ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ വെച്ച് നടക്കുമ്പോൾ അതിന് പറങ്കിപ്പടയും ഉണ്ടാകും. പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തകർത്താണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിൻ്റെ രണ്ട് മിന്നും ഗോളുകളാണ് ഖത്തറിലേക്ക് പോർച്ചുഗലിൻ്റെ ടിക്കറ്റ് ഉറപ്പിച്ചത്. പ്ലേ ഓഫ് സെമിയിൽ തുർക്കിയെയും ക്രിസ്ത്യാനോയും സംഘവും തകർത്തിരുന്നു.
മത്സരത്തിലേ 32ആം മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അസിസ്സ്റ്റിൽ ബ്രൂണോ പറങ്കിപ്പടയെ മുന്നിലെത്തിച്ചു. ആദ്യപകുതിയിൽ പോർച്ചുഗലിൻ്റെ പൂർണ്ണ ആധിപത്യമായിരുന്നു കണ്ടത്. ആദ്യ ഗോൾ നേടിയ ശേഷം ലിവർപൂൾ താരം ജോട്ടക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ താരത്തിനായില്ല.
എന്നാൽ 66 ആം മിനിറ്റിൽ ഇ ലിവർപൂൾ താരം നൽകിയ അതിസുന്ദരമായ പാസിലൂടെ ബ്രൂണോ പോർച്ചുഗലിനായി വീണ്ടും വലകുലുക്കി. ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല.
ക്രിസ്ത്യാനോ റൊണാൾഡോയുടെ അഞ്ചാമത്തെ ലോകകപ്പ് ആണിത്. റൊണാൾഡോ വരുന്നതിനുമുമ്പ് വെറും മൂന്ന് ലോകകപ്പിന് മാത്രമാണ് പോർച്ചുഗൽ യോഗ്യത നേടിയിട്ടുള്ളത്. എന്നാൽ റൊണാൾഡോ വന്നതിനു ശേഷം നടന്ന അഞ്ചു വേൾഡ് കപ്പിലും പോർച്ചുഗൽ ടിക്കറ്റ് എടുത്തു.