ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ യുവന്‍റസിനെതിരെ വിജയവുമായി പോര്‍ട്ടോ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് ക്ലബിന്‍റെ വിജയം. മെഹ്ദി, മൗസ മരേഗ എന്നിവരാണ് യുവന്‍റസിനെതിരെയുള്ള പോര്‍ട്ടോയുടെ ആദ്യ വിജയമൊരുക്കിയത്. യുവന്‍റസിനു വേണ്ടി ചീസെ വിലപ്പെട്ട എവേ ഗോള്‍ നേടി.
മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ പോര്‍ട്ടോ മുന്നിലെത്തി. റോഡ്രിഗോ ബെന്‍റകറിന്‍റെ ബാക്ക് പാസ് പിടിച്ചെടുത്ത മെഹ്ദി ടറേമി ക്ലോസ് റേഞ്ചില്‍ നിന്നും ലക്ഷ്യം കണ്ടു. പോര്‍ട്ടോയുടെ പ്രസിങ്ങിനു മുന്നില്‍ യുവന്‍റസ് പതറി. അതിനിടെ ക്യാപ്റ്റന്‍ ചില്ലേനി പരിക്കേറ്റ് പുറത്തായത് ഇറ്റാലിയന്‍ ചാംപ്യന്‍മാര്‍ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ പോര്‍ട്ടോ ലീഡ് ഇരട്ടിയാക്കി. വില്‍സണ്‍ മനാഫയുടെ കട്ട് ബാക്കില്‍ നിന്നും മൗസ മരേഗ ലക്ഷ്യം കണ്ടു. 82ാം മിനിറ്റില്‍ ചീസെ യുവന്‍റസിനായി എവേ ഗോള്‍ നേടി. ഏപ്രില്‍ 2018 നു ശേഷം മറ്റ്യൂഡി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് ശേഷം ചാംപ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ആദ്യ യുവന്‍റസ് താരമാണ് ചീസെ.
എക്കാലത്തേയും ഏറ്റവും മികച്ച ചാംപ്യന്‍സ് ലീഗ് ഗോള്‍ സ്കോററായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജന്മസ്വദേശത്തേക്ക് തിരിച്ചെത്തിയ മത്സരം മികച്ചതാക്കാന്‍ സാധിച്ചില്ലാ. മത്സരത്തിന്‍റെ അവസാന നിമിഷത്തില്‍ പെനാല്‍റ്റിക്കു വേണ്ടി അപ്പീല്‍ ചെയ്തെങ്കിലും അനുവദിച്ചില്ലാ. മാര്‍ച്ച് 19 നാണ് രണ്ടാം പാദ മത്സരം നടക്കുക.