ഇനി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ആധിപത്യം കാണാം : വമ്പൻ പ്രവചനവുമായി ഷോയിബ് അക്തര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വമ്പൻ  തോല്‍വിക്ക് ശേഷം വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം വരെ ശക്തമായി  തന്നെ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പാക്കിസ്ഥാന്‍ മുന്‍ പേസ് ബൗളർ ഷോയിബ്  അക്തര്‍. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിലെ മിന്നും  വിജയത്തോടെ  ഇംഗ്ലണ്ടിനുമേല്‍ ഏറെ  മാനസികാധിപത്യം നേടിയ ഇന്ത്യന്‍ ടീം വരുന്ന രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കുമെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡീയോയിൽ പ്രവചനം നടത്തി .

“ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം പലരും  ഇന്ത്യൻ ടീമിനെ  തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ എനിക്കന്നേ അറിയാമായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റില്‍  തന്നെ അതിശക്തമായി തിരിച്ചുവരുമെന്ന്.ഇക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു . ഇന്ത്യയുടെ  അടുത്ത കാലത്തെ ടെസ്റ്റിലെ  പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവും. നേരത്തെ ഓസ്ട്രേലിയയിലും ഇന്ത്യ ഇതേ രീതിയിലുള്ള  പ്രകടന മികവാണ്  പുറത്തെടുത്തത്. രണ്ടാം ടെസ്റ്റിലെ ഉജ്ജ്വല ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ  മുൻ‌തൂക്കം നഷ്ടമായി . ഇത് ഒരു അവസരമായി കണ്ട്  ടീം  ഇന്ത്യ വരുന്ന രണ്ട് ടെസ്റ്റിലും വലിയ  വിജയം സ്വന്തമാക്കി  3-1ന് പരമ്പര സ്വന്തമാക്കും
“അക്തർ തന്റെ അഭിപ്രായം വ്യക്തമാക്കി.

മത്സരത്തിലെ ഇന്ത്യൻ കളി മികവിനെയും അക്തർ വാനോളം പുകഴ്ത്തി . ” രോഹിത്തിനെപ്പോലൊരു കളിക്കാരന്‍ 160 റണ്‍സോളം ആദ്യ ഇന്നിങ്സിൽ തന്നെ  അടിക്കുകയും അശ്വിന്‍ പതിവ് പോലെ  ബൗളിങ്ങിൽ  വിക്കറ്റെടുക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിന് പിന്നെ കാര്യങ്ങള് ഒരിക്കലും  എളുപ്പമാവില്ലെന്ന് ഉറപ്പായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിക്കാനും ഇന്ത്യക്ക് ജയം ഏറെ  അനിവാര്യമായിരുന്നു.അതിനാൽ തന്നെ അവരുടെ ഏറ്റവും മികച്ച കളിയാകും അവര്‍ പുറത്തെടുക്കുക എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അവർ അത് ഭംഗിയായി പുറത്തെടുത്തു”. ഷൊയബ്‌ അക്തർ പറഞ്ഞുനിർത്തി .

ഇന്ത്യയെ പോലൊരു ടീം ഒരിക്കലും പരമ്പരയിലെ ആദ്യ മത്സരം തോൽക്കരുത് എന്ന് പറഞ്ഞ അക്തർ ഇതൊരു  നല്ല ശീലമല്ലെന്നും  ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി . ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന 2 ടെസ്റ്റ് മത്സരങ്ങൾ മോട്ടറായിലെ പുതുക്കി പണിത സ്റ്റേഡിയത്തിലാണ് നടക്കുക . 24ന് അഹമ്മദാബാദില്‍ ആണ് മൂന്നാം ടെസ്റ്റ്. ഇത് പകല്‍-രാത്രി മത്സരമാണ്.
പിങ്ക് പന്തിൽ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരം മാത്രമാണിത് .