പുള്ളാവൂരിലെ ഫുട്ബോൾ ആരാധകര്‍ ചെറുപുഴയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് കട്ടൗട്ട് എടുത്തുമാറ്റണമെന്ന് പരാതി നൽകിയത്.
പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയത്. എന്നാൽ, നെയ്മറുടെ കട്ടൗട്ട് കരയിലാണെന്നും മെസിയുടേത് പുഴക്ക് നടുവിലെ തുരുത്തിലാണെന്നും ഫുട്ബോൾ ആരാധകർ ചൂണ്ടിക്കാട്ടി.
കരയിൽ വെച്ച കട്ടൗട്ടുകൾ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തടയുകയെന്നും ആരാധകർ ചോദിച്ചു. പരാതിക്കാരന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും ഫ്ലക്സുകള്‍ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് നിർദേശിച്ചത്. അര്‍ജന്‍റീനയുടെ ആരാധകർ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ചെറുപുഴയില്‍ ഉയര്‍ന്നതിനു പിന്നാലെയാണ് നെയ്മറുടെ കട്ടൗട്ട് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്.