രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു. 3 ഗോള്‍ വിജയവുമായി കേരളം തിരിച്ചെത്തിയിരിക്കുന്നു

20221105 210918

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. എതിരില്ലാത്ത മൂന്നു ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. വിജയത്തോടെ 6 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴസ് ഏഴാമതാണ്. ഗോവക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത പോരാട്ടം.

ആദ്യ ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി എത്തിയ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞ കളിയില്‍ നിന്നും മെച്ചപ്പെടാനായില്ല. ബോക്സില്‍ ഇരു ടീമും പന്തെത്തിക്കാന്‍ പ്രയാസപ്പെട്ടതോടെ ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ലാ. നോര്‍ത്ത് ഈസ്റ്റിന്‍റെ റൊമെയ്നിന്‍റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതാണ് ആദ്യ പകുതിയില്‍ ലഭിച്ച ഗോളാവസരം.

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ദിമിത്രിയോസിലൂടെ ഗോള്‍ നേടി. 56ാം മിനിറ്റില്‍ സൗരവ് മണ്ടല്‍ ഒരുക്കിയ അവസരത്തില്‍ നിന്നും ഒരു ടാപ്പിനിലൂടെ കേരളം ഗോള്‍ നേടുകയായിരുന്നു. പകരക്കാരനായി സഹലും ജിയാനുവും എത്തിയതോടേ കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ശക്തമായി.

82ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച സുവര്‍ണാവസരം കേരള ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുത്തിയിരുന്നു. തോട്ടു പിന്നാലെ സഹലിലൂടെ കേരളം രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തു.

കെപി രാഹുല്‍ വലത് ഭാഗത്ത് നിന്നും നടത്തിയ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവിലാണ് സഹലിന്‍റെ ഗോള്‍ പിറന്നത്. രാഹുലിന്‍റെ ലോ ക്രോസില്‍ നിന്നും സഹലിന്‍റെ ഷോട്ട് ഗോള്‍കീപ്പറുടെ കൈകളില്‍ തട്ടി ഗോളായി.

ഇഞ്ചുറി ടൈമില്‍ വീണ്ടും സഹലിന്‍റെ ഗോള്‍ പിറന്നു. വലതു വിങ്ങില്‍ നിന്നും ലഭിച്ച ക്രോസ് പിടിച്ചെടുത്ത സഹല്‍ ഫസ്റ്റ് പോസ്റ്റില്‍ ഗോളാക്കി മാറ്റി. മൂന്നു മത്സരങ്ങള്‍ക്ക് ശേഷമാണ് കേരളം വിജയത്തിലേക്ക് തിരിച്ചെത്തുന്നത്.

Scroll to Top