ഇന്നലെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടം. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്ന ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ വിജയം നിർണായകമായിരുന്നു.
ഗ്രീക്ക് താരം ഡയമൻ്റകോസ് ദിമിത്രിയോസിൻ്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയൻ ലൂണയെ കുറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ അനീസേ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അഡ്രിയാൻ ലൂണ ആയിരുന്നു എന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞത്.”ഞാൻ മത്സരത്തിലെ പ്രകടനത്തിൽ സന്തുഷ്ടനാണ്. അതിന് കാരണം ഞങ്ങൾ രണ്ടോ മൂന്നോ അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ഞങ്ങൾ ഗോൾ ആക്കിയില്ല.
അവരെ ശിക്ഷിക്കാവുന്ന പല പ്രത്യാക്രമണങ്ങളും ഞങ്ങൾ നഷ്ടമാക്കി. എങ്കിലും എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ 8 മത്സരങ്ങളിൽ നിന്നും ഞങ്ങൾ നടത്തിയ ഏറ്റവും മികച്ച എവേ മത്സരം ആയിരുന്നു ഇത്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം വരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുക എന്നത് എളുപ്പമായിരുന്നില്ല. ഞാൻ അവരുടെ നിലവാരം ശ്രദ്ധിച്ചു. പ്രത്യേകിച്ച് വിദേശ കളിക്കാർ. 90 മിനിറ്റും ലൂണ ഓടി.
പ്രതിരോധത്തിലും ആക്രമണത്തിലും ഗ്രൗണ്ടിൽ അവൻ ഉണ്ടായിരുന്നു. അത് ശ്രദ്ധേയമാണ്. അദ്ദേഹം വലിയ വ്യത്യാസമാണ് ഇരു ടീമുകൾക്കിടയിലും സൃഷ്ടിച്ചത്. പിച്ചിലെ സ്പെയ്സ് കണ്ടെത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തന്റെ ടീമിലെ മറ്റ് കളിക്കാർക്ക് വേണ്ടി അവസരങ്ങൾ സൃഷ്ടിച്ചു. ലൂണയെ പോലെയുള്ള ഒരു കളിക്കാരന്റെ അവിശ്വസനീയമായ നിലവാരം നിർണായകമായി.”- അദ്ദേഹം പറഞ്ഞു.