ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യു.എസ്.എയെ പരാജയപ്പെടുത്തി നെതര്‍ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നെതര്‍ലണ്ടിന്‍റെ വിജയം.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ മുന്നിലെത്താന്‍ യു.എസിനു സുവര്‍ണാവസരമുണ്ടായിരുന്നു. നെതര്‍ലണ്ടിന്‍റെ ഓഫ്സൈഡ് ട്രാപ്പ് പൊളിച്ച് പന്ത് സ്വീകരിച്ച പുലിസിച്ചിന്‍റെ ഗോളെന്നുറച്ച ഷോട്ട് നൊപ്പോര്‍ട്ട് രക്ഷപ്പടുത്തി.
10ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. കോഡി ഗാക്പോ വലതു വിങ്ങിലേക്ക് നൽകിയ പാസ് സ്വീകരിച്ച് ഡംഫ്രൈസ് ബോക്സിലേക്ക് നല്‍കിയ ക്രോസ് ഡിപായ് ഗോളാക്കി മാറ്റുകയായിരുന്നു.
സമനില ഗോള്‍ നേടാന്‍ യു.എസ്.എ ശ്രമിച്ചെങ്കിലും വാന്‍ഡൈക്കിന്‍റെ പ്രതിരോധ നിര തടുത്തിട്ടു. 43ാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നുള്ള തിമോത്തിയുടേ ഷോട്ട് നൊപ്പോര്‍ട്ട് രക്ഷപ്പെടുത്തി.
ആദ്യ പകുതിയുടെ അവസാന നിമിഷമാണ് രണ്ടാം ഗോള്‍ പിറന്നത്. ഡിഫന്‍ഡര്‍മാരെ മറികടന്ന് ഡംഫ്രിസ് നല്‍കിയ പാസ് ഓടിയെത്തിയ ബ്ലിന്‍ഡ് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ നെതര്‍ലണ്ട് പലവട്ടം യു.എസ്.എ ബോക്സില്‍ എത്തി. 72ാം മിനിറ്റില്‍ ഇരട്ട സേവുകളുമായി യു.എസ് ഗോള്‍കീപ്പര്‍ നെതര്‍ലണ്ടിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു.
എന്നാല്‍ തൊട്ടു പിന്നാലെ ഭാഗ്യം കൊണ്ട് യു.എസ്.എക്ക് ഒരു ഗോള്‍ ലഭിച്ചു. പുലിസിച്ചിന്‍റെ ക്രോസില്‍ ചെറുതായി റൈറ്റിന്‍റെ കാലില്‍ കൊള്ളുകയും നെതര്‍ലണ്ട് ഗോള്‍കീപ്പറിനും പ്രതിരോധതാരത്തിനും എത്തിപ്പിടിക്കാനാവത്ത വിധം വലയില്‍ കയറുകയായിരുന്നു.
ഒരു ഗോള്‍ വീണതോടെ ഇരു ഭാഗത്തേക്കും നിരന്തരം ആക്രമണം എത്തി. 81ാം മിനിറ്റില്‍ നെതര്‍ലണ്ട് വീണ്ടും ഗോളടിച്ചു. ബ്ലിന്‍ഡ് നല്‍കിയ ക്രോസ്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഡംഫ്രിസാണ് ഗോള്‍ നേടിയത്.
മത്സരത്തില്‍ പിന്നീട് ഗോളുകള്‍ ഒന്നും പിറന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീന – ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ നേരിടും.