അസിസ്റ്റില്‍ റെക്കോഡ് നേട്ടവുമായി ലയണല്‍ മെസ്സി

lionel messi argentina v estonia international friendly 2022 2 2

ലോകകപ്പിലെ അർജൻ്റീന മെക്സിക്കോ നിർണായക മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജൻ്റീന ലോകകപ്പിലെ ആദ്യ വിജയം നേടി. ആദ്യ മത്സരത്തിൽ സൗദി അറേബ്യനോട് പരാജയപ്പെട്ട അർജൻ്റീനക്ക് വിജയം അനിവാര്യമായിരുന്നു.

രണ്ടാം പകുതിയിലെ തുടക്കത്തിലെ നായകൻ ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിലൂടെയാണ് അർജൻ്റീന മുന്നിലെത്തിയത്. അതിന് ശേഷം പകരക്കാരനായി ഇറങ്ങിയ എൻസോ ഫെർണാണ്ടസിന് അസിസ്റ്റ് നൽകി രണ്ടാമത്തെ ഗോളിനും താരം വഴിയൊരുക്കി. ഇതോടെ ഇന്നലത്തെ മത്സരത്തിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ലയണൽ മെസ്സിയെ ആയിരുന്നു.

തകർപ്പൻ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ മറ്റൊരു ചരിത്രം നേട്ടം കൂടെ സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചു. മത്സരത്തിലെ രണ്ടാമത്തെ ഗോളിന് അസിസ്റ്റ് നൽകിയതോടെ 5 ലോകകപ്പുകളിൽ അസിസ്റ്റ് നേടുന്ന ഒരേയൊരു താരമെന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തമാക്കിയത്. ലോകകപ്പിന് മുൻപ് തുടർച്ചയായി 4 ലോകകപ്പുകളിൽ അസിസ്റ്റ് നേടി എന്ന തൻ്റെ റെക്കോർഡ് ആണ് മെസ്സി വർദ്ധിപ്പിച്ചത്.


മൂന്നിലധികം ലോകകപ്പുകളിൽ ഒരു താരവും അസിസ്റ്റുകൾ നേടിയിട്ടില്ല. മറ്റൊരു മികച്ച നേട്ടവും ഇന്നലത്തെ മത്സരത്തോടെ താരത്തെ തേടിയെത്തി. ലോകകപ്പിലെ ഒരു മത്സരത്തിൽ അസിസ്റ്റും ഗോളും ഒന്നിച്ച് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും ലയണൽ മെസ്സിയായി. 2006 ലോകകപ്പിൽ സെർബിയക്കെതിരെ ഈ നേട്ടം സ്വന്തമാക്കുമ്പോൾ മെസ്സിയുടെ പ്രായം 18 വർഷവും 357 ദിവസവും ആയിരുന്നു. ഇന്നലെ താരം ഈ കാര്യം ആവർത്തിക്കുമ്പോൾ 35 വർഷവും 155 ദിവസവും ആണ് പ്രായം.

Scroll to Top