ഇന്നായിരുന്നു ലോകകപ്പിലെ അർജൻ്റീനയുടെ ആദ്യ മത്സരം. എന്നാൽ എല്ലാ അർജൻ്റീന ആരാധകരെയും ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജൻ്റീനയെ പരാജയപ്പെടുത്തി. അർജൻ്റീനക്ക് വേണ്ടി ആദ്യ ഗോൾ മെസ്സി ആയിരുന്നു നേടിയത്. പത്താം മിനിറ്റിൽ പെനാൽറ്റി യിലൂടെ ആയിരുന്നു താരത്തിന്റെ ഗോൾ നേട്ടം.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൽ ഷെഹ്റിയിലൂടെ സൗദി അറേബ്യ സമനില നേടി. പിന്നീട് 5 മിനിറ്റുകൾക്ക് ശേഷം 53ആം മിനിറ്റിൽ അൽ ദൗസറിയിലൂടെ സൗദി അറേബ്യ വിജയ ഗോളും നേടി. മത്സരത്തിൽ തോറ്റെങ്കിലും ഗോൾ നേടിയതോടെ ഫിഫ ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മെസ്സി. നാല് വ്യത്യസ്ത ലോകകപ്പുകളിലായി അർജൻ്റീനക്ക് വേണ്ടി ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് ആണ് മെസ്സി ഇന്ന് സൗദി അറേബ്യക്കെതിരെ സ്വന്തമാക്കിയത്.2006,2014,2018,2022 എന്നീ തുടർച്ചയായ വേൾഡ് കപ്പിലാണ് താരം ഗോൾ നേടിയത്.
ഇതോടെ അർജൻറീനക്ക് വേണ്ടി മൂന്ന് ലോകകപ്പുകളിൽ തുടർച്ചയായി ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (1994,1998,2002) ഡിഗോ മറഡോണ (1982,1986,1994) എന്നിവരെ മെസ്സി മറികടന്നു. മെസ്സിക്ക് പുറമേ നാലു ലോകകപ്പുകളിൽ തുടർച്ചയായി ഗോൾ നേടിയ മറ്റ് ഇതിഹാസതാരങ്ങളാണ് ക്രിസ്ത്യാനോ റൊണാൾഡോ, മറോസ്ലോവ് ക്ലോസെ,പെലെ,യുവെ സ്വീലർ എന്നിവർ. ഇന്ന് നേടിയ ഗോളിലൂടെ ലോകകപ്പിലെ ഗോള്‍ നേട്ടത്തിൽ റൊണാൾഡോയുടെ ഒപ്പം എത്താനും മെസ്സിക്ക് സാധിച്ചു. ഏഴ് ഗോളുകൾ വീതമാണ് ഇരു താരങ്ങളും നേടിയിട്ടുള്ളത്.
രണ്ട് താരങ്ങളും രാജ്യങ്ങൾക്കായി ലോകകപ്പിൽ അരങ്ങേറിയത് 2006 ലാണ്. 16 ഗോളുകളുമായി ജർമ്മൻ ഇതിഹാസം മിറോസ്ലൊവ് ക്ലോസെ ആണ് ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ മുന്നിലുള്ളത്. 15 ഗോളുകളുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ രണ്ടാം സ്ഥാനത്താണ്. ജർമ്മനിയുടെ തന്നെ ഗെർഡ് മുള്ളറാണ് 14 ഗോളുകളുമായി മൂന്നാം സ്ഥാനത്ത്. ജസ്റ്റ് ഫൊണ്ടെയ്ൻ (13),പെലെ(12) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.