ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലും അർജൻ്റീനയും ഇത്തവണത്തെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അർജൻ്റീന നെതർലാൻഡ്സിനെതിരെയാണ് കളിക്കാൻ ഇറങ്ങുക. ഈ മത്സരങ്ങളിൽ ഇരു ടീമുകളും വിജയിച്ചാൽ സെമിഫൈനലിൽ ആരാധകർ കാത്തിരിക്കുന്ന സ്വപ്ന പോരാട്ടത്തിന് കളമൊരുങ്ങും.
സെമി ഫൈനലിൽ അർജൻ്റീന ബ്രസീൽ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ മെസ്സിയെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീൽ ഇതിഹാസ താരവും മുൻപ് മെസ്സിയുടെ സഹതാരവും ആയിരുന്ന ഡാനി ആൽവസ്. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയിൽ ആയിരുന്നു മെസ്സിയും ഡാനി ആൽവസും ഒരുമിച്ച് പന്ത് തട്ടിയത്.
“അർജൻ്റീന എന്നാൽ മെസ്സിയാണ്. എല്ലാം ചലിക്കുന്നത് അവനിലൂടെയാണ്. അവൻറെ കരിയറിലെ അവിസ്മരണീയമായ ലോകകപ്പിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. എല്ലാ എതിരാളികളും നോട്ടമിടേണ്ട താരമാണ് മെസ്സി. അർജൻ്റീന-ബ്രസീൽ സെമി സാധ്യതകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. സെമി ഫൈനലിൽ ആയാലും ക്വാർട്ടർ ഫൈനലിൽ ആയാലും എതിരാളികളെ തിരഞ്ഞെടുക്കുവാൻ ഞങ്ങൾക്ക് സാധിക്കില്ല.
ഞങ്ങൾക്ക് ലഭിച്ച എതിരാളികളുമായി മികച്ച പോരാട്ടം കാഴ്ചവെക്കാൻ ആണ് ഞങ്ങൾക്ക് കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ സെമി സാധ്യതകളെ കുറിച്ച് ഇപ്പോൾ തന്നെ ചിന്തിക്കാൻ ഞങ്ങൾക്ക് ആകില്ല. ക്വാർട്ടർ എന്ന വലിയ കടമ്പ ഞങ്ങൾക്ക് മുൻപിൽ ഉള്ളതാണ് അതിന് കാരണം. ഇപ്പോൾതന്നെ ഞങ്ങൾ സെമിയെ കുറിച്ച് പറയുന്നത് ഞങ്ങളുടെ എതിരാളികളായ ക്രൊയേഷ്യക്കെതിരെ ഞങ്ങൾ കാണിക്കുന്ന അനാദരവാണ്. ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ ക്വാർട്ടർ ഫൈനലിൽ ആണ്. മികച്ച താരങ്ങൾ ഉള്ള ക്രൊയേഷ്യയ്ക്കെതിരെ ഞങ്ങളുടെ 110% കളി പുറത്തെടുക്കേണ്ടതുണ്ട്.”- ആൽവസ് പറഞ്ഞു.