ഇന്നലെ നടന്ന ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ വിജയം നേടിയത്. കളിയുടെ മുഴുവൻ സമയവും 2-2 എന്ന സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്.
എമി മാർട്ടിനെസ്സാണ് അർജൻ്റീനയുടെ രക്ഷകനായി പെനാൽറ്റി ഷൂട്ടൗട്ടിൽ അവതരിച്ചത്. മത്സരത്തിൽ എന്നത്തെയും പോലെ ഇന്നലെയും തകർപ്പൻ പ്രകടനം ആയിരുന്നു ലയണൽ മെസ്സി കാഴ്ചവച്ചത്. ഇന്നലെ ആദ്യ ഗോളിന് വഴിയൊരുക്കുകയും രണ്ടാം ഗോൾ പെനാൽറ്റിയിലൂടെ നേടുകയും ചെയ്തത് മെസ്സി ആയിരുന്നു. ഷൂട്ടൗട്ടിൽ സമ്മർദ്ദ ഘട്ടത്തിൽ പിഴവുകൾ ഒന്നും വരുത്താതെ അർജൻ്റീനയുടെ ആദ്യ കിക്ക് താരം കൃത്യമായി വലയിൽ എത്തിക്കുകയും ചെയ്തു.
ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത് രണ്ടാം ഗോൾ നേടിയതിന് ശേഷം സൂപ്പർ താരം ലയണൽ മെസ്സി നടത്തിയ സെലിബ്രേഷൻ ആണ്. ഹോളണ്ട് പരിശീലകനെ നോക്കി ഇരു ചെവിക്ക് പുറകിലും കൈകൾ വിടർത്തി കൊണ്ടുള്ള സെലിബ്രേഷൻ ആയിരുന്നു മെസ്സി നടത്തിയത്. ആരാധകരുടെ വിലയിരുത്തൽ പ്രകാരം ഹോളണ്ട് പരിശീലകൻ മത്സരത്തിന് മുൻപ് നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയാണ് മെസ്സി നൽകിയത് എന്നാണ്. ടോപ്പോ ജിജിയോ എന്ന് അറിയപ്പെടുന്ന ഈ സെലിബ്രേഷൻ പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്.
ബൊക്ക ജൂനിയേഴ്സിന് വേണ്ടി കളിക്കുന്ന സമയത്ത് അർജൻ്റീനൻ ഇതിഹാസമായ റിക്വൽമീ ഈ സെലിബ്രേഷൻ നടത്തിയിരുന്നു. അർജൻ്റീന മാധ്യമങ്ങൾ പറയുന്നത് ഇതിഹാസ താരത്തിന്റെ സെലിബ്രേഷൻ മെസ്സി അനുകരിച്ചതാണെന്നാണ്. ഇതുവരെയും കണ്ട മെസ്സിയെ ആയിരുന്നില്ല ഇന്നലെ കണ്ടത്. പൊതുവേ ശാന്ത സ്വഭാവക്കാരൻ ആയിട്ടുള്ള മെസ്സി ഇന്നലെ അങ്ങനെ ആയിരുന്നില്ല.