ഇന്നായിരുന്നു അർജൻ്റീന ക്രൊയേഷ്യ സെമി ഫൈനൽ പോരാട്ടം. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജൻ്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. അർജൻ്റീനക്ക് വേണ്ടി ജൂലിയൻ അൽവാരസ് ഇരട്ട ഗോളും നായകൻ ലയണൽ മെസ്സി ഒരു പെനാൽറ്റി ഗോളും നേടി.
എന്നത്തേയും പോലെ തകർപ്പൻ പ്രകടനമായിരുന്നു ലയണൽ മെസ്സി ഇന്നും പുറത്തെടുത്തത്. എല്ലാ ഫുട്ബോൾ ആരാധകരുടെയും മനം കീഴടക്കുന്ന പ്രകടനം ആയിരുന്നു മെസ്സി ഇന്ന് ലൂസൈൽ സ്റ്റേഡിയത്തിൽ കാഴ്ചവച്ചത്. 34ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ വലയിൽ എത്തിച്ചായിരുന്നു മെസ്സി തുടങ്ങിയത്. എന്നാൽ അതിനേക്കാളേറെ മനോഹരമായത് 69 ആം മിനിറ്റിൽ മെസ്സി അൽവാരസിന് നൽകിയ ഒരു അസിസ്റ്റ് ആയിരുന്നു. വർണ്ണിക്കാൻ വാക്കുകളില്ല.
അത്രമേൽ മനോഹരമായിരുന്നു ആ അസിസ്റ്റ്. ഇന്നത്തെ മത്സരത്തിലെ ഗോളോടെ ഒരു തകർപ്പൻ റെക്കോർഡും മെസ്സി സ്വന്തമാക്കി. ലോകകപ്പിൽ അർജൻ്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ആണ് താരം നേടിയത്. ലോകകപ്പിൽ 11 ഗോളുകളാണ് താരം നേടിയത്. 10 ഗോളുകളുള്ള ബാറ്റിസ്റ്റ്യുട്ടയുടെ റെക്കോഡാണ് മറികടന്നത്.
ഈ ലോകകപ്പിൽ ഇത് അഞ്ചാം തവണയാണ് താരം വല കുലുക്കുന്നത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും മെസ്സിയുടെ പേരിലാണ്.
ഇന്നത്തെ മത്സരത്തിലൂടെ വളരെ പഴക്കംചെന്ന ഒരു റെക്കോഡില്‍ മെസ്സി മുത്തമിട്ടു. 1966-ന് ശേഷം ഒരു ഫുട്‌ബോള്‍ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. ഈ മത്സരത്തിലൂടെ മറ്റ് ചില റെക്കോഡുകളും മെസ്സി നേടുകയുണ്ടായി.
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരം എന്ന റെക്കോർഡിന് ഒപ്പം എത്താനും മെസ്സി സാധിച്ചു.
ജർമ്മൻ ഇതിഹാസതാരമായ ലോതർ മത്യസിൻ്റെ റെക്കോർഡിന് ഒപ്പമാണ് താരം എത്തിയത്. മെസ്സിയുടെ ഇരുപത്തിയഞ്ചാമത്തെ വേൾഡ് കപ്പ് മത്സരമാണ് ഇത്. ജർമ്മൻ ഇതിഹാസവും 25 ലോകകപ്പ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അർജൻ്റീന ഫൈനലിൽ എത്തിയതോടെ ഈ റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റുവാൻ മെസ്സിക്ക് സാധിക്കും.