ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരായ മത്സരത്തിൽ ഹോളണ്ട് പരിശീലകൻ വാൻ ഗാലിനോടും സ്ട്രൈക്കർ വൂട്ട് വെഗോസ്റ്റിനോടും മെസ്സി ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫുട്ബോൾ ലോകം ഞെട്ടലോടെയായിരുന്നു ആ ദൃശ്യങ്ങൾ കണ്ടത്. കാരണം ഇത്രയും നാൾ കാണാത്ത മെസ്സിയെ ആയിരുന്നു അന്ന് ലോകം കണ്ടത്.
മത്സരശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ തന്നെ നോക്കി നിന്ന വെഗോസ്റ്റിനോട് “എന്തിനാണ് നോക്കി നിൽക്കുന്നത്,പോയി നിൻ്റെ പണി നോക്ക് വിഡ്ഢി”എന്ന് മെസ്സി സ്പാനിഷ് ഭാഷയിൽ പറയുന്ന ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മെസ്സി. അന്ന് അങ്ങനെ പെരുമാറേണ്ടി വന്നതിൽ ഖേദം തോന്നുന്നുണ്ടെന്നും ഡച്ച് താരത്തോട് ഉണ്ടായ തൻ്റെ സമീപനത്തിൽ ഒട്ടും സന്തോഷവാൻ അല്ല എന്നുമാണ് മെസ്സി പറഞ്ഞത്.
“അത് ഞാൻ മനപ്പൂർവം പറഞ്ഞതായിരുന്നില്ല. അപ്പോഴത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ്. അതിൽ ഞാൻ ഒട്ടും സന്തോഷവാനല്ല.”- മെസ്സി പറഞ്ഞു. അർജൻ്റീന ഇതിഹാസം ഡിഗോ മറഡോണയെ ഫൈനൽ മത്സരത്തിനിടയിൽ ഒരുപാട് മിസ്സ് ചെയ്തു എന്നും മെസ്സി പറഞ്ഞു. കലാശ പോരാട്ടം കാണുവാൻ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചതായും സൂപ്പർ താരം തുറന്നു പറഞ്ഞു.
മാത്രമല്ല തൻ്റെ ലോകകപ്പ് നേട്ടത്തെക്കുറിച്ചും മെസ്സി മനസ്സ് തുറന്നു. ഒരു റേഡിയോ ഷോക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് മെസ്സി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.എന്നെ ലോകകപ്പ് വിളിക്കുകയായിരുന്നു. എന്നെ സ്വന്തമാക്കു,ഞാൻ ഇവിടെയുണ്ട്, ഇപ്പോൾ നിങ്ങൾക്ക് എന്നെ സ്പർശിക്കാൻ ആകും എന്നൊക്കെ അത് എന്നോട് പറഞ്ഞതായി എനിക്ക് തോന്നി. ഞാൻ അത് തിളങ്ങി നിൽക്കുന്നത് കണ്ടു.”- മെസ്സി കൂട്ടിച്ചേർത്തു.