ഇന്നലെയാണ് ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി സ്വന്തമാക്കിയത്. ഫ്രഞ്ച് താരങ്ങളായ കരീം ബെൻസിമ, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസ്സി ഈ പുരസ്കാരം നേടിയത്. ഏഴാമത്തെ തവണയാണ് കരിയറിൽ ഈ പുരസ്കാരം മെസ്സി സ്വന്തമാക്കുന്നത്.
ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള താരവും മെസ്സി തന്നെയാണ്. എല്ലാ ഇൻ്റർനാഷണൽ ഫുട്ബോൾ ടീം നായകന്മാരുടെയും വോട്ടുകൾ ഈ പുരസ്കാരത്തിന് വേണ്ടി പരിഗണിച്ചിട്ടുണ്ട്. ഇന്ത്യൻ നായകനായ സുനിൽ ഛേത്രിയും അർജൻ്റീന നായകൻ ലയണൽ മെസ്സിയും ആർക്കാണ് വോട്ട് ചെയ്തത് എന്ന് അറിയുമോ?
ഫ്രഞ്ച് ലീഗിലെ പി.എസ്.ജിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസ്സി തൻ്റെ സഹതാരമായ നെയ്മർ ജൂനിയറിനാണ് ആദ്യത്തെ വോട്ട് നൽകിയിരിക്കുന്നത്. തൻ്റെ രണ്ടാമത്തെ വോട്ട് മെസ്സി നൽകിയിരിക്കുന്നത് പി.എസ്.ജിയിലെ തന്നെ തന്റെ സഹതാരമായ കിലിയൻ എംബാപ്പക്കാണ്. കരീം ബെൻസിമക്കാണ് മൂന്നാമത്തെ വോട്ട് മെസ്സി നൽകിയിരിക്കുന്നത്.
കരീം ബെൻസിമക്കാണ് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ആദ്യ വോട്ട് നൽകിയത്. രണ്ടാമത്തെ വോട്ട് ചേത്രി എംബാപ്പക്ക് നൽകിയപ്പോൾ മൂന്നാമത്തെ വോട്ട് ലയണൽ മെസ്സിക്ക് ആയിരുന്നു നൽകിയത്. 52 പോയിന്റുകളാണ് മെസ്സി സ്വന്തമാക്കിയത്. 44 പോയിന്റുകളുമായി എംബാപ്പെ രണ്ടാം സ്ഥാനത്തും 34 പോയിന്റുകളുമായി ബെൻസിമ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.