ലോകകപ്പിനു ശേഷമുള്ള മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പി.എസ്.ജി വിജയിച്ചു. നെയ്മര്‍ റെഡ് കാര്‍ഡ് കണ്ട മത്സരത്തില്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിലാണ് പാരിസിന്‍റെ വിജയം.
ലയണല്‍ മെസ്സി ഇല്ലാതിരുന്ന മത്സരത്തില്‍ എംമ്പാപ്പയും നെയ്മറും ആദ്യ ഇലവനില്‍ എത്തിയപ്പോള്‍, ഹക്കീമിയെ ബെഞ്ചില്‍ ഇരുത്തി. 14ാം മിനിറ്റില്‍ തന്നെ പി.എസ്.ജിക്ക് മുന്നിലെത്താന്‍ കഴിഞ്ഞു. നെയ്മര്‍ എടുത്ത ഫ്രീകിക്കില്‍ നിന്നും മാര്‍ക്കീഞ്ഞോസിന്‍റെ ഹെഡറിലൂടെ ലീഡ് നേടി. ആദ്യ പകുതിയില്‍ സ്ട്രാസ്ബര്‍ഗിന് സമനിലയാക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ഡൊണറുമ്മ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആദ്യ ഗോള്‍ നേടിയ മാര്‍ക്കീഞ്ഞോസിന്‍റെ സെല്‍ഫ് ഗോളില്‍ സമനിലയായി. അതിനു പിന്നാലെ രണ്ട് മിനിറ്റില്‍ രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തായി. രണ്ടാം മഞ്ഞ കാര്‍ഡ് ബോക്സില്‍ ഡൈവ് ചെയ്തതിനാണ് നല്‍കിയത്.
ഇഞ്ചുറി ടൈമിന്‍റെ അവസാനം പി.എസ്.ജി ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. ബോക്സില്‍ എംമ്പാപ്പയെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി നല്‍കിയത്. ഇതിനു മുന്‍പേ മാര്‍ക്കീഞ്ഞോസ് ഗോളാക്കിയെങ്കിലും അനുവദിച്ചില്ലാ. പെനാല്‍റ്റി എടുത്ത എംബാപ്പെ ഗോളാക്കി പി.എസ്.ജിയെ വിജയിപ്പിച്ചു. വിജയത്തോടെ പി.എസ്.ജി 44 പോയിന്‍റുമായി ഒന്നാമതാണ്.