ലോകകപ്പ് ഫൈനലിൽ ഏറെ വിവാദമായ ഒന്നായിരുന്നു ഫ്രാൻസിനെ തോൽപ്പിച്ച് അർജൻ്റീന കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയതിനു ശേഷം അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ ആഘോഷം. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമായിരുന്നു എമിലിയാനോ മാർട്ടിനസ് കാഴ്ചവെച്ചത്. എന്നാൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ലഭിച്ചതിനു ശേഷം അശ്ലീലചുവയുള്ള ആംഗ്യമായിരുന്നു താരം കാണിച്ചത്.
മുൻ താരങ്ങൾ അടക്കം പലരും താരത്തിന്റെ ഈ പ്രവർത്തിക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ എമിലിയാനോ മാർട്ടിനസിനെ അനുകരിച്ച് രംഗത്തെത്തിയ വീഡിയോ ആണ്. കഴിഞ്ഞ ദിവസം പി.എസ്.ജിയുടെ ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നും പുറത്തുവരുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന ട്രോഫിയുമായിട്ടായിരുന്നു എംബാപ്പെ ആഘോഷം അനുകരിച്ചത്.
കാറിൽ കയറാൻ പോവുകയായിരുന്നു താരം. ലോകകപ്പിൽ എന്തുകൊണ്ടാണ് അത്തരം ഒരു ആംഗ്യം കാണിച്ചത് എന്നതിന് എമിലിയാനോ മാർട്ടിനസ് പിന്നീട് വിശദീകരണം നൽകിയിരുന്നു. ഫ്രഞ്ച് ആരാധകരുടെ കൂവലിനുള്ള മറുപടിയായിരുന്നു അത് എന്നാണ് സൂപ്പർ താരം വിശദീകരണം നൽകിയത്. എന്നാൽ അർജൻ്റീന ടീം പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഫിഫ കണ്ടെത്തിയിരുന്നു.
ലോകകപ്പ് ഫൈനലിനു ശേഷവും എംബാപ്പയെ കളിയാക്കിക്കൊണ്ട് എമിലിയാനോ മാർട്ടിനസ് രംഗത്തെത്തിയിരുന്നു. എംബാപ്പയുടെ മുഖമുള്ള പാവ കയ്യിൽ പിടിച്ചായിരുന്നു മാർട്ടിനസ് കളിയാക്കിയത്. എന്നാൽ അതിന് മറുപടിയായി ഫ്രഞ്ച് സൂപ്പർ താരം രംഗത്ത് എത്തിയിരുന്നു. അത്തരം കാര്യങ്ങളിൽ പ്രതികരിച്ച് സമയം കളയാൻ ഇല്ല എന്നായിരുന്നു ഫ്രഞ്ച് സൂപ്പർ യുവ താരം മറുപടി നൽകിയത്.