പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ലീഡ്സ് യൂണൈറ്റഡിനെതിരെ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് മാഴ്സെലോ ബിയേല്‍സയുടെ ടീമിനെ തോല്‍പ്പിച്ചത്. മധ്യനിര താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസ് – പോള്‍ പോഗ്ബ കൂട്ടുകെട്ടാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വിജയമൊരുക്കിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഹാട്രിക്ക് നേടിയപ്പോള്‍ പോഗ്ബ 4 അസിസ്റ്റ് നേടി.
30ാം മിനിറ്റില്‍ വണ്‍ ടച്ച് പാസ്സ് കളിച്ച് ബ്രൂണോ ഫെര്‍ണാണ്ടസാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ലൂക്ക് അയിലിങ്ങിന്‍റെ ഗോളിലൂടെ ലീഡ്സ് സമനില നേടി. എന്നാല്‍ തൊട്ടു പിന്നാലെ ഗ്രീന്‍വുഡിലൂടെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ലീഡ് തിരിച്ചു പിടിച്ചു. രണ്ട് മിനിറ്റിനകം വീണ്ടും ഒരു ഗോള്‍ നേടി ബ്രൂണോ ഫെര്‍ണാണ്ടസ് ലീഡ് ഉയര്‍ത്തി.
വിക്ടര്‍ ലിന്‍ഡ്ലോഫ് ഒരുക്കിയ അവസരത്തില്‍ നിന്നും ബ്രൂണോ ഫെര്‍ണാണ്ടസ് ഹാട്രിക്ക് തികച്ചു. 69ാം മിനിറ്റില്‍ പോഗ്ബയുടെ അസിസ്റ്റില്‍ നിന്നും ഫ്രഡ് ഗോള്‍ നേടി. മത്സരത്തിലെ പോഗ്ബയുടെ നാലാം അസിസ്റ്റായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ 3 അസിസ്റ്റ് മാത്രമായിരുന്നു പോഗ്ബയുടെ പേരിലുണ്ടായിരുന്നത് എന്നതാണ് കൗതുകം.
മത്സരത്തില്‍ 73ാം മിനിറ്റില്‍ പുതിയ താരമായ സാഞ്ചോ കളത്തില്‍ ഇറങ്ങി. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ അടുത്ത മത്സരം സതാംപ്ടണിനെതിരെയാണ്.