വൈരികളായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തിരിച്ചെത്തി. പ്രീമിയര്‍ ലീഗില്‍ 2 പരാജയങ്ങളുമായി എത്തിയ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. സാഞ്ചോയും റാഷ്ഫോഡും യൂണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സാല ലിവര്‍പൂളിന്‍റെ ആശ്വാസ ഗോള്‍ മടക്കി.
ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മഗ്വയറിനെയും ബെഞ്ചില്‍ ഇരുത്തിയാണ് കളി ആരംഭിച്ചത്. ബ്രൂണോയുടെ പാസ്സില്‍ നിന്നും എലാംഗയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്ന കാഴ്ച്ചയോടെയാണ് മത്സരം ആരംഭിച്ചത്. 16ാം മിനിറ്റില്‍ സാഞ്ചോയിലൂടെ മാഞ്ചസ്റ്റര്‍ ആദ്യം ഗോള്‍ നേടി. ബോക്സില്‍ മനോഹരമായ നീക്കങ്ങള്‍ക്കൊടുവിലാണ് സാഞ്ചോയുടെ ഗോള്‍ പിറന്നത്.
പിന്നീട് എറിക്സിന്‍റെ ഗോളൊന്നൊറപ്പിച്ച ഫ്രീകിക്ക് അലിസണ്‍ ബെക്കര്‍ തട്ടിയകറ്റി. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ മാര്‍ഷ്യലിന്‍റെ പാസ്സില്‍ നിന്നുമാണ് റാഷ്ഫോഡ് ലീഡ് ഇരട്ടിയാക്കിയത്. പിന്നീട് തുടരെ തുടരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ആക്രമണം നടത്തി.
മത്സരത്തിന്‍റെ 81ാം മിനിറ്റില്‍ സാലയിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കി. അവസാന നിമിഷം റൊണാള്‍ഡോയേ കളത്തില്‍ ഇറക്കി. പിന്നീട് ഗോള്‍ ഒന്നും പിറന്നില്ലാ. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്ത് നിന്ന് കയറി 14ആം സ്ഥാനത്ത് എത്തി. രണ്ട് പോയിന്റ് മാത്രമുള്ള ലിവർപൂൾ 16ആം സ്ഥാനത്ത് നിൽക്കുകയാണ്.