എല്ലാവരെയും ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ഗെയിം ആണ് ഫുട്ബോൾ. ഒരുപാട് അത്ഭുത ഫുട്ബോൾ കഥകൾക്കിടയിലേക്ക് ഇന്നലെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മറ്റൊരു കഥ കൂടെ പിറന്നിരിക്കുകയാണ്. ഖത്തർ ലോകകപ്പിലെ കൊറിയൻ വിസ്മയ കഥയാണ് പിറവിയെടുത്തിരിക്കുന്നത്.
മത്സരത്തിൽ മുഴുവൻ സമയം വരെയും നാലാം സ്ഥാനത്തായി പുറത്തേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു സൗത്ത് കൊറിയ. എന്നാൽ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് 92ആം മിനിറ്റിൽ വിജയ ഗോൾ നേടി പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. അതേസമയം മറ്റൊരിടത്ത് ഘാനയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി പ്രീക്വാർട്ടർ ഉറപ്പിച്ച് നിൽക്കുന്ന ഉറുഗ്വായുടെ പ്രതീക്ഷകളാണ് ഒരു നിമിഷം കൊണ്ട് സൗത്ത് കൊറിയ തകര്‍ത്തെറിഞ്ഞത്.
ഇന്നലെ പോർച്ചുഗലിനെതിരെ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ദക്ഷിണകൊറിയയുടെ വിജയം. ആദ്യം ഗോൾ വഴങ്ങിയെങ്കിലും പിന്നീട് രണ്ടു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. മത്സരത്തിലെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പറങ്കിപ്പട മുന്നിലെത്തി. തുടർന്ന് ആദ്യപകുതിയിലെ ഇരുപത്തിയേഴാം മിനിറ്റിൽ കിം യങ് ഗ്വോൺ സമനില ഗോൾ നേടി.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഹ്വാങ് ഹീ ചാൻ ആണ് ദക്ഷിണകൊറിയയുടെ വിജയ ഗോൾ നേടിയത്. ഉറുഗ്വായ്ക്കും ദക്ഷിണ കൊറിയക്കും നാലു പോയിന്റുകൾ വീതമാണ് ഉള്ളത്. എന്നാൽ ഗോളുകൾ കൂടുതൽ അടിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രീക്വാർട്ടറിലേക്ക് കൊറിയ മുന്നേറിയത്.