ഇന്ത്യൻ സൂപ്പർ കപ്പിന്റെ ഭാഗമായി കേരളത്തിൽ എത്തിയ ടീമുകൾക്ക് കനത്ത അവഗണന. കെഎഫ്എ കേരള ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തു നിന്നും ആണ് ഫുട്ബോൾ ടീമുകൾക്ക് കനത്ത അവഗണന നേരിട്ടത്. പല ടീമുകൾക്കും പരിശീലനത്തിനായി ഗ്രൗണ്ടുകൾ ഒരുക്കുന്നതിൽ കേരള ഫുട്ബോൾ അസോസിയേഷൻ പരാജയപ്പെട്ടു. പരിശീലനസൗകര്യം ഇല്ലാത്തതിനാൽ എടികെ മോഹൻ ബഗാൻ കൊൽക്കത്തയിൽ തന്നെ പരിശീലനം നടത്തുവാൻ തീരുമാനിച്ചു. ഇന്ത്യൻ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിന്റെ തലേദിവസമായിരിക്കും കൊൽക്കത്ത കേരളത്തിൽ എത്തുക.
ഗ്രൂപ്പ് ബി ടീമുകൾക്ക് ട്രെയിനിങ് ഗ്രൗണ്ട് ആയി അനുവദിച്ചത് കോട്ടപ്പടി സ്റ്റേഡിയം ആയിരുന്നു. ഈസ്റ്റ് ബംഗാൾ എഫ്സിക്ക് ട്രെയിനിങ് അനുവദിച്ചത് വൈകുന്നേരം ആയിരുന്നു. എന്നാൽ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഹാലോജൻ ലൈറ്റ് ഒരു കല്യാണ വേദിയിൽ നിന്നും എടുത്താണ് ഈസ്റ്റ് ബംഗാൾ എഫ്സി പരിശീലനം നടത്തിയത്. ട്രെയിനിങ് സൗകര്യങ്ങൾ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സും തൃപ്തരല്ല. കൊച്ചിയിലേക്ക് തിരിച്ചു വന്ന ബ്ലാസ്റ്റേഴ്സ് പനമ്പിള്ളി നഗറിൽ പരിശീലനം നടത്തും. കേരള ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തുനിന്നും മറ്റൊരു വലിയ ഗുരുതര വീഴ്ചയും ഉണ്ടായിട്ടുണ്ട്. കുടിവെള്ള സംവിധാനം ഇല്ലാതെയാണ് ട്രെയിനിങ് ഗ്രൗണ്ടുകൾ കേരള ഫുട്ബോൾ അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.
ട്രെയിനിങ് ഗ്രൗണ്ടുകളിൽ ആംബുലൻസുകളുടെ സേവനവും ഇല്ല. ഈസ്റ്റ് ബംഗാൾ എഫ്സി പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇത് സംബന്ധിച്ച് പ്രതികരിച്ചു.”വെള്ളം പോലും ഒരുകാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അടിസ്ഥാന സൗകര്യ പോലും ഒരുക്കുന്നതിൽ എന്തുകൊണ്ടാണ് ഇങ്ങനെ വീഴ്ച വരുത്തുന്നത്. പടക്കങ്ങൾക്ക് ചെലവാക്കിയ തുക ടീമുകൾക്ക് കുടിവെള്ള സംവിധാനം ഒരുക്കുന്നതിന് ചിലവാക്കണമായിരുന്നു.”-അദ്ദേഹം പറഞ്ഞു. 8 ടീമുകൾക്ക് ഒറ്റ ട്രെയിനിങ് ഗ്രൗണ്ടാണ് അനുവദിച്ചിട്ടുള്ളത്.
കോഴിക്കോട് ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ എടികെ മോഹൻ ബഗാൻ ടീമിൻ്റെ ലഗേജ് കൊണ്ടുപോകാനും വണ്ടി ഒരുക്കിയിരുന്നില്ല. ഒടുവിൽ മോഹൻ ബഗാൻ ആരാധകരും കളിക്കാരും ചേർന്ന് ലഗേജ് ലോറിയിലാണ് കൊണ്ടുപോയത്.കേരളം പോലെയുള്ള ഫുട്ബോളിനെ അത്രയധികം സ്നേഹിക്കുന്ന ഒരു സംസ്ഥാനത്ത് നിന്നും ഇത്തരം കാര്യമുണ്ടാകുന്നത് അപമാനകരമാണ്. എന്തുതന്നെയായാലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വലിയ നാണക്കേടാണ് കേരള ഫുട്ബോൾ അസോസിയേഷൻ സമ്മാനിച്ചിരിക്കുന്നത്.