പതിനായിരക്കണക്കിന് ആരാധകർക്ക് മുമ്പിൽ സന്തോഷ് ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് വിജയം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആണ് കേരളം രണ്ടാം മത്സരത്തിൽ തോൽപ്പിച്ചത്. ബംഗാളിൻ്റെ കടുത്ത പ്രതിരോധത്തെ മറികടന്ന് രണ്ടാം പകുതിയിലാണ് കേരളത്തിന് രണ്ടു ഗോൾ നേടാൻ സാധിച്ചത്. പകരക്കാരനായി എത്തിയ നൗഫൽ ആണ് കേരളത്തിനുവേണ്ടി ആദ്യം ഗോൾ വലകുലുക്കിയത്.
ആദ്യ മത്സരത്തിൽ കേരളത്തിനു വേണ്ടി ഹാട്രിക് നേടിയ കേരള ക്യാപ്റ്റൻ ജിജോ ജോസഫ് നൽകിയ പാസിൽ ആയിരുന്നു നൗഫലിൻ്റെ ഗോൾ. മത്സരത്തിലെ ഇൻജുറി ടൈമിൽ ആയിരുന്നു കേരളത്തിൻ്റെ രണ്ടാമത്തെ ഗോൾ.
അതും പകരക്കാരനായിറങ്ങിയ ജസിൻ ആണ് ഗോൾ നേടിയത്. യോഗ്യതാ റൗണ്ടിൽ ഇരട്ട മഞ്ഞ കാർഡ് ലഭിച്ചതിന് ആദ്യമത്സരം നഷ്ടമായ ശിഗിൽ ആദ്യ ഇലവനിൽ തിരിച്ചെത്തി. ഇരുടീമുകളും തുടക്കം മുതൽ തന്നെ ആക്രമണ ഫുട്ബോൾ ആയിരുന്നു കാഴ്ചവച്ചത്.
ഒട്ടനവധി അവസരങ്ങൾ ഇരുടീമുകൾക്കും മുഴുനീളം ലഭിച്ചെങ്കിലും ഓഫ്സൈഡും ബാറും വില്ലനായി. മത്സരത്തിലെ അവസാന മിനിറ്റിൽ ബംഗാൾ താരത്തിൻ്റെ ഗോളെന്നുറപ്പിച്ച ഹെഡർ ഗോൾകീപ്പർ മിഥുൻ അതിസുന്ദരമായി തട്ടിയകറ്റി കേരളത്തിനെ വിജയ വഴിയിലെത്തിച്ചു.