ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍ തിരിച്ചെത്തി. രണ്ടാം പകുതിയില്‍ സിപോവിച്ചിന്‍റെ ഹെഡര്‍ ഗോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആരംഭത്തിലാണ് ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ പൊസെഷന്‍ ഗെയിമിലൂടെ കളി പിടിക്കാന്‍ നോക്കിയ കേരളാ ബ്ലാസ്റ്റേഴ്സിനു ബംഗാള്‍ പ്രതിരോധം ഭേദിക്കാനായില്ലാ. 25ാം മിനിറ്റില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ജിക്സണ്‍ സിങ്ങിലൂടെ ഒരു ഗോള്‍ ശ്രമം നടത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ അനായാസം അത് കൈപിടിയില്‍ ഒതുക്കി.
29ാം മിനിറ്റില്‍ മറ്റൊരു അവസരം സഹല്‍ പാഴക്കി. ലക്ഷ്യം തെറ്റിയുള്ള ഷോട്ട് ടാര്‍ഗിറ്റിനു അകലെ പറന്നു. 42ാം മിനിറ്റില്‍ ബംഗാളിനു ഒരു സുവര്‍ണ്ണാവസരം ലഭിച്ചു. അന്‍റോണിയോ പെരസോവിച്ച് ഒരുക്കി നല്‍കിയ ക്രോസ് ശ്രമം രാഹുല്‍ പാസ്വാന് ടാപ്പിന്‍ പോലും ചെയ്യാന്‍ സാധിച്ചില്ലാ.
49ാം മിനിറ്റില്‍ പെരേര ഡയസ് ബംഗാള്‍ ഡിഫന്‍ററിനിടയിലൂടെ ഒരു ശ്രമം നടത്തിയെങ്കിലും ഷോട്ട് വെറും കോര്‍ണറായി മാത്രം മാറി. എന്നാല്‍ കോര്‍ണറില്‍ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ പിറന്നത്. പൂട്ടിയയുടെ കോര്‍ണറില്‍ നിന്നും സിപോവിച്ചിന്‍റെ ഹെഡര്‍ ഗോള്‍ വല കുലുക്കി.
ഗോള്‍ വഴങ്ങിയെങ്കിലും ഗോള്‍ നേടാനുള്ള ശ്രമം ബംഗാള്‍ തുടര്‍ന്ന്. 70ാം മിനിറ്റില്‍ പെരസോവിച്ചിന്‍റെ ഒരു ശ്രമം വളരെ ഭംഗിയായി ഗില്‍ രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമില്‍ ലീഡ് ഇരട്ടിയാക്കാനുള്ള ഒരു ശ്രമം ബംഗാള്‍ ഡിഫന്‍റര്‍ രക്ഷപ്പെടുത്തി. പെരേര ഡയസിനു ലൂണയുടെ പാസ്സ് എത്തും മുന്‍പേ കോര്‍ണറിലേക്ക് തട്ടി അകറ്റുകയായിരുന്നു.
വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്നും 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഫെബ്രുവരി 19 നു എടികെ മോഹന്‍ ബഗാനെതിരെയാണ് അടുത്ത മത്സരം.