അവസാന മത്സരത്തില്‍ പരാജയപെട്ട രണ്ടു ടീമുകളായ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഗോവയിലെ ബംബോളിന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോടാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി നേരിട്ടത്. അതേ സമയം നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനോടായിരുന്നു സെര്‍ജിയോ ലൊബേറോയുടെ ടീം തോല്‍വി വഴങ്ങിയത്. പരാജയവഴിയില്‍ നിന്നും മാറി വിജയത്തോടെ തിരിച്ചു വരിക എന്നതാണ് ഇരു ടീമിന്‍റെയും ലക്ഷ്യം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ചരിത്രം നോക്കിയാല്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയിരിക്കുന്നത് മുംബൈ സിറ്റി എഫ്സിയാണ്. 13 മത്സരങ്ങളില്‍ വെറും 2 എണ്ണം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സിനു വിജയിക്കാനായത്. 6 തവണ സമനിലയില്‍ മത്സരം അവസാനിച്ചപ്പോള്‍ 5 തവണ മുംബൈ സിറ്റി വിജയം സ്വന്തമാക്കി. ഈ സീസണിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മുംബൈ സിറ്റി എഫ്സിയുട വിജയം
സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ സിറ്റി ഇതുവരെ കാഴ്ച്ചവച്ചത് . 14 മത്സരങ്ങളില്‍ നിന്നുമായി 30 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും (20), ഏറ്റവും കൂടുതല്‍ ക്ലീന്‍ഷീറ്റുകളും(8), ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും മുംബൈ സിറ്റി എഫ്സിയാണ്. എന്നാല്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സെര്‍ജിയോ ലോബേറോയുടെ ടീമിനു സാധിച്ചട്ടുള്ളു.
” കേരളാ ബ്ലാസ്റ്റേഴ്സ് നന്നായി മെച്ചപ്പെട്ടട്ടുണ്ട്. അവര്‍ ഇപ്പോള്‍ നന്നായി മത്സരിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ ആദ്യ പകുതി ഇതിനൊരു മികച്ച ഉദാഹരണമാണ്. അവര്‍ മികച്ച കളിക്കാരുമായി പുറകില്‍ നിന്നുമാണ് കളിക്കുവാന്‍ ശ്രമിക്കുന്നത്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും വളരെ നല്ല ടീമിനെതിരെ മത്സരിക്കുകയും ചെയ്യുക എന്നതാണ് ”
Sergio Lobera
Head Coach – Mumbai City FC
സെര്‍ജിയോ ലൊബേറോ പറഞ്ഞതുപോലേ കിബു വിക്കൂനയുടെ കീഴില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ ഗ്രൗണ്ടിലെ പ്രകടനം സ്കോര്‍ബോര്‍ഡില്‍ കാണാന്‍ സാധിക്കുന്നില്ലാ. ഒട്ടേറെ തവണ മത്സരത്തില്‍ ലീഡ് നേടിയട്ടും പടിക്കല്‍ കലമുടച്ചത് നിരവധി തവണ. 15 മത്സരങ്ങളില്‍ 15 പോയിന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്‍പതാമതാണ്.
ഗോളടിയില്‍ മിടുക്കരാണെങ്കിലും ഗോള്‍ വഴങ്ങുന്നതില്‍ ഒട്ടും പിശുക്കരല്ലാ. സീസണില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റികളും (6), ഏറ്റവും കൂടുതല്‍ ഗോളുകളും (25) വഴങ്ങിയിരിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്സാണ്. അതേസമയം ഗാരി ഹൂപ്പര്‍ – മുറെ നയിക്കുന്ന മുന്നേറ്റനിര ഇതുവരെ 19 തവണ എതിര്‍വല കണ്ടെത്തി. 9 വിത്യസ്ത ഗോള്‍സ്കോറര്‍മാരാണ് കേരളാ ബ്ലാസ്റ്റേഴ്സിനുള്ളത്.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ പിന്നിലാവുന്നത്. ഈ സീസണില്‍ വഴങ്ങിയ 25 ല്‍ 15 ഗോളും രണ്ടാം പകുതിയിലാണ് വീണത്. ഇങ്ങനെ ആദ്യ ഗോള്‍ നേടിയ ശേഷം മത്സരം കൈവിട്ടതിലൂടെ 13 പോയിന്‍റുകളാണ് കേരള ബ്ലാസ്റ്റേഴ്സിനു നഷ്ടമായത്.
” ഇവരാണ് നിലവിലെ ലീഗ് ലീഡേഴ്സ്. അവർ വളരെ നല്ല ഹെഡ് കോച്ചുള്ള ഒരു മികച്ച ടീമാണെന്ന് ഞങ്ങൾക്കറിയാം. ഇവര്‍ എല്ലായ്പ്പോഴും ഞങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയായിരുന്നു, പ്രത്യേകിച്ചും എടികെ മോഹൻ ബഗാനെതിരായ ഞങ്ങളുടെ അവസാന മത്സരത്തിന് ശേഷം. ഞങ്ങൾക്ക് തിരിച്ചുവന്ന് പോയിന്റുകൾ നേടണം ” മത്സരത്തിനു മുന്നോടിയായി കിബു വിക്കൂന പറഞ്ഞു.