കോവിഡ് തളര്‍ത്തി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അപരാജിത കുതിപ്പിനു അവസാനം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ ബാംഗ്ലൂര്‍ എഫ്.സി എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ റോഷന്‍ നയോരം നേടിയ ഫ്രീകിക്ക് ഗോളാണ് വിജയം നേടി കൊടുത്തത്. ഇതോടെ തുടര്‍ച്ചയായ അപരാജിത 10 മത്സരത്തിന്‍റെ കുതിപ്പ് കേരളാ ബ്ലാസ്റ്റേഴ്സിനു നഷ്ടമായി.

കോവിഡ് കാരണം 18 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മത്സരത്തില്‍ സ്ഥിര ലൈനപ്പ് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമനോവിച്ച് ഇറക്കിയത്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഇരു ടീമും ഒരുക്കിയെങ്കിലും ഫൈനല്‍ ടച്ച് ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ. 37ആം മിനുട്ടിൽ ഛേത്രിക്ക് ഗോൾ മുഖത്ത് നിന്ന് കിട്ടിയ അവസരം ഗോൾ ലൈനിൽ വെച്ച് നിഷു കുമാർ ക്ലിയർ ചെയ്ത് കളി ഗോൾ രഹിതമായി നിർത്തി.

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ ബാംഗ്ലൂരു ആക്രമിച്ചു കളിച്ചു. അതിനുള്ള ഫലം 56ാം മിനിറ്റില്‍ ലഭിക്കുകയും ചെയ്തു. ബോക്സിനു തൊട്ടു വെളിയില്‍ നിന്നും എടുത്ത് റോഷന്‍ നയോരത്തിന്‍റെ ഫ്രീകിക്ക് ഗോളായി മാറി.

പിന്നീട് സമനിലക്ക് പല തവണ കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത് എത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു അനുവദിച്ചില്ലാ. ഖബ്രയുടെയും ലൂണയുടെയും ഗോള്‍ ശ്രമം ഗുര്‍പ്രീത് തടഞ്ഞിട്ടു.

തോല്‍വിയോടെ കേരളാ ബ്ലാസ്റ്റേഴ്സ് 12 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുമായി മൂന്നാമതാണ്. അതേ സമയം വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുമായി ബാംഗ്ലൂര്‍ നാലാം സ്ഥാനത്തേക്ക് എത്തി. ഫെബ്രുവരി 4 നു നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Previous articleഅവനെ കൈവിട്ടത് വൻ നഷ്ടം :വെളിപ്പെടുത്തി കൊൽക്കത്ത കോച്ച്
Next articleഎനിക്ക് ടി :20 ലോകകപ്പ് കളിക്കണം :മികവ് നഷ്ടമായിട്ടില്ലെന്ന് മുൻ താരം