ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു . അഡ്രിയാന്‍ ലൂണ ഇരട്ട ഗോള്‍ നേടിയപ്പോള്‍ കാക്കോ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടി. ഡേവിഡ് വില്യംസായിരുന്നു മോഹന്‍ ബഗാന്‍റെ ആദ്യ ഗോള്‍ നേടിയത്.
ആവേശകരമായ ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി പിരിയുകയായിരുന്നു. ലൂണ നേടിയ ഫ്രീകിക്ക് ഗോളിനു അടുത്ത മിനിറ്റില്‍ തന്നെ എടികെ മറുപടി നല്‍കുകയായിരുന്നു. 7ാം മിനിറ്റില്‍ സഹല്‍ നേടിയെടുത്ത ഫ്രീകിക്ക് ലൂണയാണ് എടുത്തത്. എടികെ ഒരുക്കിയ പ്രതിരോധത്തിനു മുകളിലൂടെ ലൂണയുടെ ഫ്രീകിക്ക് ഗോളാക്കി മാറ്റുകയായിരുന്നു.
പക്ഷേ ഗോള്‍ ആഘോഷം അധിക നേരം നീണ്ടു നിന്നില്ലാ. വലത് വിങ്ങിലൂടെ പ്രീതം കോട്ടാല്‍ ഒരുക്കിയ ക്രോസ് ഡേവിഡ് വില്യംസ് അനായാസം വലയില്‍ എത്തിച്ചു. പിന്നീട് ഇരു ടീമും അടുത്ത ഗോള്‍ നേടാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. പൂട്ടിയ അടിച്ച ഒരു ഷോട്ട് ഗോള്‍പോസ്റ്റില്‍ ഇടിച്ച് മടങ്ങിയിരുന്നു.
രണ്ടാം പകുതിയില്‍ 64ാം മിനിറ്റിലായിരുന്നു ലൂണയുടെ രണ്ടാം ഗോള്‍ പിറന്നത്. കേരളാ ബ്ലാസ്റ്റേഴ്സിനു ലഭിച്ച കോര്‍ണര്‍ മനോഹരമായി എടുക്കാന്‍ പറ്റിയില്ലെങ്കിലും ചെന്ന് വീണത് പൂട്ടിയയുടെ കാലുകളിലായിരുന്നു. പൂട്ടിയയുടെ ചിപ്പ് ബോള്‍ ലൂണക്ക് നല്‍കി. ലൂണയുടെ മറ്റൊരു മനോഹരമായ ചിപ്പ് ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചു. പിന്നീട് ബ്ലാസ്റ്റേഴ്സ് ബോക്സില്‍ നിരവധി അപകടങ്ങള്‍ എത്തിയെങ്കിലും മികച്ച പ്രകടനവുമായി പ്രതിരോധ നിരയും ഭാഗ്യവും ഒപ്പം നിന്നു.
ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനു ലീഡ് കൂട്ടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും വിന്‍സിയുടെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് മടങ്ങി. അവസാന നിമിഷം കൊല്‍ക്കത്തന്‍ ആക്രമണം വളരെ ധൈര്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. എന്നാല്‍ തുടരെ തുടരയുള്ള ആക്രമണത്തില്‍ എടികെ സമനില കണ്ടെത്തി. കാക്കോയുടെ ഷോട്ട് ഗില്ലിനെ മറികടന്നു.
സമനിലയോടെ കേരളാ ബ്ലാസ്റ്റേഴ്സിനു 16 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. ഹൈദരബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.