ഇന്നലെയായിരുന്നു ഐ.എസ്.എല്ലിൽ മുംബൈ സിറ്റി-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം. മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു മുംബൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കൊമ്പന്മാർക്കെതിരെ മുംബൈയുടെ വിജയം.
കളി തുടങ്ങി 25 മിനിറ്റ് ആകുമ്പോഴേക്കും ബ്ലാസ്റ്റേഴ്സ് വലയിൽ നാലു തവണ മുംബൈ സിറ്റി പന്ത് എത്തിച്ചിരുന്നു. ഇപ്പോഴിതാ അതാണ് തങ്ങളുടെ പരാജയത്തിന് കാരണമായത് എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കാമനോവിച്ച്. യഥാർത്ഥത്തിലെ വ്യത്യാസം ആദ്യത്തെ 25 മിനിറ്റ് ആയിരുന്നു എന്നും കോച്ച് പറഞ്ഞു.
“ലീഗിലെ ഏറ്റവും മികച്ച ടീമിനെ നിങ്ങൾ നേരിടുമ്പോൾ ഒരു ടീം എന്ന നിലയിൽ ആദ്യ വിസിൽ മുഴങ്ങി കഴിയുമ്പോൾ കളി തുടങ്ങും എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം. ഒരു ടീം എന്ന നിലയിൽ വളരെയധികം ദേഷ്യവും നിരാശയും ഉണ്ടാക്കുന്ന പ്രകടനമാണ് ഇത്. 25 മിനിറ്റാണ് കളി തുടങ്ങാൻ എടുത്തത്.
അത് ഒരിക്കലും വലിയ മത്സരം ആകുമ്പോൾ അനുവദിക്കാൻ ആകില്ല.”- അദ്ദേഹം പറഞ്ഞു. മുംബൈ സിറ്റിക്ക് വേണ്ടി കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന പെരേര ഡയസ് ഇരട്ട ഗോൾ നേടി. ഇന്ത്യൻ യുവതാരം ബിപിൻ സിംഗ്, ഗ്രെഗ് സ്റ്റുവർട്ട് എന്നിവരാണ് മുംബൈക്ക് വേണ്ടി ഗോൾ നേടിയ മറ്റു രണ്ടു താരങ്ങൾ.