കാത്തിരുന്നു ; ഒടുവില്‍ ആ പ്രഖ്യാപനം എത്തി. കേരള ബ്ലാസ്റ്റേഴസിന്‍റെ ആദ്യ വിദേശ സൈന്നിംഗ്

ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് കേരളാ ബ്ലാസ്റ്റേഴസിന്‍റെ ആദ്യ വിദേശ സൈന്നിംഗ് പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ – ഗ്രീക്ക് താരമായ അപ്പോസ്തലസ് ജിയാനൗവിനെയാണ് കേരളാ ബ്ലാസ്റ്റേഴസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബായ മക്കാര്‍ത്തര്‍ എഫ് സിയില്‍ നിന്നാണ് താരത്തെ ടീമിലെത്തിച്ചത്. 2023 വരെയാണ് താരത്തിനു കരാര്‍.

മക്കാര്‍ത്തര്‍ ക്ലബിനായി 21 മത്സരങ്ങളില്‍ നിന്നായി 3 ഗോളുകളാണ് താരം നേടിയട്ടുള്ളത്. നിരവധി ക്ലബുകള്‍ക്കായി 150 ലധികം മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 38 ഗോളും 15 അസിസ്റ്റും നേടി. ഓസ്‌ട്രേലിയ, ഗ്രീസ് ദേശീയ ടീമുകളില്‍ കളിച്ച താരമാണ് ജിയാനൗ. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിനുവേണ്ടി വേണ്ടി 12 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും നാല് നാല് അസിസ്റ്റുകളും നേടി. ഗ്രീസിനുവേണ്ടി ഒരു തവണ ജഴ്‌സിയണിയാനും സാധിച്ചു.

അപ്പോസ്‌തൊലോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ ലക്ഷ്യമായിരുന്നു ഈ താരം എന്ന് വെളിപ്പെടുത്തി. ” ഞങ്ങളുടെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറുമാണ്. ടീമിന് വേണ്ടി കളിക്കുന്ന താരമെന്ന നിലയിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ജിയാനുവിന് കേരളത്തില്‍ ഏറ്റവും നല്ല കാലം ആശംസിക്കുന്നു ” കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നതില്‍ അത്യന്തം സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബിനായി ഒപ്പുവച്ച ശേഷം അപ്പോസ്‌തൊലോസ് ജിയാനു പ്രതികരിച്ചു.