ഫുട്ബോൾ മത്സരങ്ങൾക്ക് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് പതിവാണ്. ഈ രീതി ഐസിസിയും ഫിഫയും പോലെയുള്ള എല്ലാ കായിക സംഘടനകളും നടപ്പിലാക്കാറുമുണ്ട്. എന്നാൽ എല്ലാവരെയും ഖത്തർ ലോകകപ്പിൽ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ. ഇന്നായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ഇറാന്റെ ലോകകപ്പിലെ ആദ്യ മത്സരം. മത്സരം തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. ദേശീയ ഗാനം ആലപിക്കാതെയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇറാൻ കളിച്ചത്.
ലോകകപ്പ് പോലത്തെ മത്സരവേദികളിൽ വളരെ അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്. ഇറാൻ താരങ്ങൾ എന്തുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരുന്നത് എന്നതിന്‍റെ കാരണം ഇതാണ്. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബിനെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാന്‍ താരങ്ങള്‍ മൗനം പാലിച്ചത്. ഇത്തരം ഒരു പ്രവണത ഉണ്ടാകാൻ കാരണം കൂട്ടമായി എടുത്ത തീരുമാനമാണെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് 22 കാരിയായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ വച്ച് മരണപ്പെട്ടത്. തുടർന്ന് ഉണ്ടായ പ്രക്ഷോഭം ഇപ്പോൾ ശക്തമായി തുടർന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ വസ്ത്രധാരണ നിയമത്തിനെതിരെയും നിർബന്ധിത ഹിജാബ് ധരിക്കലിനുമെതിരെയാണ് പ്രതിഷേധം. പ്രതിഷേധങ്ങൾക്ക് ഐക്യധാർഢ്യം പ്രകടിപ്പിച്ച് ടീം ഒരുമിച്ചിരുന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് നായകൻ അലിരേസ ജഹാൻബക്ഷ് വ്യക്തമാക്കി.