ഐ.എസ്.എൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദം നിറഞ്ഞ മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്.സി ആദ്യ പ്ലേ ഓഫ് മത്സരം. ഇപ്പോഴിതാ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകിയതായാണ് റിപ്പോർട്ട്. മത്സരം വീണ്ടും നടത്തുന്നതിനോടൊപ്പം ബാംഗ്ലൂരുവിന് അനുകൂലമായി ഗോൾ അനുവദിച്ചു നൽകിയ റഫറി ക്രിസ്റ്റൽ ജോൺസണെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്സ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അറിയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകിയതായിട്ടുള്ള വാർത്ത ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പരാതി ചർച്ച ചെയ്യുവാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ഉടൻ തന്നെ യോഗം വിളിക്കും എന്നാണ് അറിയുന്നത്. വ്യക്തമായ തെളിവുകളോടെയാണ് ബ്ലാസ്റ്റേഴ്സ് പരാതി നൽകിയിട്ടുള്ളത് എന്നാണ് അറിയുന്നത്.
സുനിൽ ഛേത്രി ഫ്രീ കിക്ക് എടുക്കുന്നതിന് മുൻപായി റഫറി ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് അതിവേഗ ഫ്രീകിക്ക് ഗോൾ ആയി അനുവദിക്കാൻ സാധിക്കില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് നൽകിയ പരാതിയിൽ പറയുന്നത്. കളിക്കാരനോട് നീങ്ങി നിൽക്കുവാൻ ആവശ്യപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ആ ഫ്രീകിക്ക് റഫറി വിസിൽ മുഴക്കാതെ എടുക്കാനാകില്ല.
അതുകൊണ്ടുതന്നെ ആ ഗോൾ നിലനിൽക്കില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരാതിയിൽ പറയുന്നത്. ഫൗൾ ചെയ്ത സ്ഥലത്ത് നിന്നും എടുക്കേണ്ട ഫ്രീകിക്ക് സ്പോട്ട് സ്പ്രേ ഉപയോഗിച്ച് റഫറി മാർക്ക് ചെയ്തിരുന്നു എന്നും, അതിനു ശേഷം തന്നോട് നീങ്ങി നിൽക്കാൻ റഫറി ആവശ്യപ്പെട്ടിരുന്നു എന്നും ലൂണയും ടീം മാനേജ്മെൻ്റും വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മത്സരം വീണ്ടും നടത്തണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടും റഫറിയെ വിലക്കണം എന്ന് പറഞ്ഞു കൊണ്ടും ബ്ലാസ്റ്റേഴ്സ് പരാതി നൽകിയിട്ടുള്ളത്.