ബെൽജിയം ഫുട്ബോൾ ടീമിൻ്റെ നായകനാണ് ഈഡൻ ഹസാർഡ്. ഇപ്പോഴിതാ താരം രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകകപ്പിൽ ബെൽജിയം ഒരു വെല്ലുവിളി പോലും ഉയർത്താതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.
അതിന് പിന്നാലെയാണ് സൂപ്പർതാരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.”നിങ്ങളുടെ സമാനതകളില്ലാത്ത പിന്തുണക്കും സ്നേഹത്തിനും നന്ദി. 2008 മുതൽ നമ്മൾ പങ്കിട്ട ഈ സന്തോഷങ്ങൾക്കും നന്ദി. അങ്ങനെ ഞാൻ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. നിങ്ങളെ എല്ലാവരെയും ഞാൻ മിസ്സ് ചെയ്യും.”-ഹസാർഡ് വിരമിക്കൽ പ്രഖ്യാപനത്തിൽ കുറിച്ചു. 126 മത്സരങ്ങളിൽ നിന്നും അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരം 33 ഗോളുകളാണ് ബെൽജിയത്തിന് വേണ്ടി നേടിയിട്ടുള്ളത്.
ബെൽജിയത്തിന് വേണ്ടി അരങ്ങേറുന്ന എട്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം ആയിരുന്നു ഹസാർഡ്. രണ്ട് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളും മൂന്ന് ലോകകപ്പുകളും അടക്കം 56 തവണ ബെൽജിയത്തെ താരം നയിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരത്തിലും താരം കളിച്ചിരുന്നു. ആകെ ഒരു വിജയം മാത്രമാണ് ഇത്തവണത്തെ ലോകകപ്പിൽ ബെൽജിയത്തിന് നേടാൻ സാധിച്ചത്. ഒരു തോൽവിയും ഒരു സമനിലയും ആയിരുന്നു മറ്റ് നേട്ടങ്ങൾ.
കഴിഞ്ഞ തവണത്തെ ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് ബെൽജിയം എത്തുമ്പോൾ ഹസാർഡ് ടീമിൽ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു മൂന്നാം സ്ഥാനം ബെൽജിയം നേടിയത്. അന്ന് സെമിഫൈനലിൽ ഫ്രാൻസിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടായിരുന്നു ബെൽജിയം പുറത്തായത്. നിലവിൽ ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡിന്റെ താരമാണ് ഹസാർഡ്