ഫിഫ ലോകകപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം നേടിയാണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്. എല്ലാവരെയും വിസ്മയിപ്പിച്ച് സെമിയില്‍ എത്തിയ ആഫ്രിക്കന്‍ ടീം, ഫ്രാന്‍സിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ഫൈനലില്‍ ഫ്രാന്‍സ്, അര്‍ജന്‍റീനയെ നേരിടും.
മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ തന്നെ മൊറോക്കോയ്‌ക്കെതിരേ ഫ്രാന്‍സ് ലീഡെടുത്തു. അഞ്ചാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസാണ് ഫ്രാന്‍സിനായി ഗോള്‍ കണ്ടെത്തിയത്. റാഫേല്‍ വരാന്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് ഗ്രീസ്മാന്‍ കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെര്‍ണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വഴങ്ങിയെങ്കിലും തൊട്ടു പിന്നാലെ മൊറോക്കയുടെ ആക്രമണമെത്തി. ഉനാഹിയുടെ ഒരു ഷോട്ട് ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ലോറിസ്, വളരെ പ്രയാസപ്പെട്ടാണ് തട്ടിയകറ്റിയത്.
36ാം മിനിറ്റില്‍ ഫ്രാന്‍സിനു സുവര്‍ണാവസരം ലഭിച്ചെങ്കിലും ജിറൂദ് പാഴാക്കി. ചൗമേനി നല്‍കിയ പാസ്സില്‍ എംമ്പാപ്പയുടെ ഗോള്‍ ശ്രമം മൊറോക്കന്‍ ഡിഫന്‍റര്‍ രക്ഷപ്പെടുത്തി. പന്ത് പിടിച്ചെടുത്ത തിയോ ഹെര്‍ണാണ്ടസ്, ജിറൂദിനായി അവസരം ഉണ്ടാക്കികൊടുത്തെങ്കിലും പുറത്തേക്കടിച്ചു കളഞ്ഞു.
ആദ്യ പകുതിയുടെ അവസാനം കോര്‍ണറില്‍ നിന്നും രൂപം കൊണ്ട അവസരത്തില്‍, യാമിക്കിന്‍റെ ഓവര്‍ ഹെഡ് ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.
രണ്ടാം പകുതിയില്‍ തുടരെ തുടരെയുള്ള ആക്രമണങ്ങളില്‍ ഫ്രാന്‍സ് ബോക്സ് വിറച്ചു. ഏതു നിമിഷവും ഒരു ഗോള്‍ വീഴുമെന്ന പ്രതീതി ഉണ്ടായി. എന്നാല്‍ ഫ്രാന്‍സിന്‍റെ പ്രതിരോധം രക്ഷപ്പെടുത്തി.
65ാം മിനിറ്റില്‍ ജിറൂദിനു പകരം എത്തിയ തുറാം, ഗ്രീസ്മാന്‍റെ ഹെഡര്‍ ഗോളിനു ശ്രമിച്ചെങ്കിലും ലക്ഷ്യത്തില്‍ എത്താനായില്ലാ.
79ാം മിനിറ്റില്‍ ഫ്രാന്‍സിന്‍റെ വിജയമുറപ്പിച്ച ഗോള്‍ എത്തി. പെനാല്‍റ്റി ബോക്സില്‍ എംമ്പാപ്പേ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് പകരക്കാരനായി എത്തിയ മുവാനി സ്കോര്‍ ചെയ്തത്. എംമ്പാപ്പയുടെ ഷോട്ട് ഡിഫ്ലക്റ്റ് ചെയ്ത് എത്തിയപ്പോള്‍ ടാപ്പിന്‍ ചെയ്യേണ്ട ജോലി മാത്രമാണ് താരത്തിനുണ്ടായിരുന്നുള്ളു.
പിന്നീട് മത്സരത്തില്‍ ഗോളുകള്‍ പിറന്നില്ലാ. വിജയത്തോടെ ഫ്രാന്‍സ് ഫൈനലില്‍ എത്തി. ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി ഫൈനലില്‍ എത്തിയ ആഫ്രിക്കന്‍ ടീം കണ്ണീരുമായി മടങ്ങി.