ഇന്നും ഫുട്ബോൾ ലോകത്ത് ഒത്തുതീർപ്പാകാതെ പോകുന്ന ചർച്ചയാണ് റൊണാൾഡോ ആണോ മെസ്സി ആണോ ഏറ്റവും മികച്ച കളിക്കാരൻ എന്ന്. തൻ്റെ കരിയറിൽ ഏത് ഒരു പ്രൊഫഷണൽ ഫുട്ബോളർക്കും ഒരു ഘട്ടത്തിൽ ഈ ചോദ്യം നേരിടേണ്ടി വന്നിരിക്കും. പല ഫുട്ബോൾ ഇതിഹാസങ്ങളും മെസ്സിയുടെയും റൊണാൾഡോയുടെയും കാര്യത്തിൽ രണ്ട് തട്ടിലാണ്.
ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് ഈ വിഷയത്തിൽ ആഴ്സണലിന്‍റെ ഇതിഹാസ താരവും ഫ്രഞ്ച് സൂപ്പർ താരവുമായ ഇമാനുവൽ പെറ്റിറ്റിന്റെ വാക്കുകളാണ്. 2018 ലോകകപ്പിനിടയിൽ പെറ്റിറ്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്. അന്നത്തെ ലോകകപ്പിൽ ദയനീയ പ്രകടനം ആയിരുന്നു അർജൻ്റീനയും മെസ്സിയും കാഴ്ചവച്ചിരുന്നത്. അന്നത്തെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷമായിരുന്നു ഫ്രഞ്ച് ഇതിഹാസം മെസ്സി റൊണാൾഡോ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
“ലയണൽ മെസ്സി മികച്ച ഒരു ലീഡർ അല്ല. ആ കാര്യത്തിൽ അവൻ റൊണാൾഡോയും അല്ല. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. എന്നാൽ ആ മനോഭാവം അവൻ കാണിക്കേണ്ടതുണ്ട്. അവൻ ഉണരണം. ബാഴ്സലോണയിൽ മികച്ച രീതിയിൽ കാര്യങ്ങൾ പോകുമ്പോൾ അവൻ തകർപ്പൻ കളിക്കാരനാണ്. നമ്മൾ അത് ചാമ്പ്യൻസ് ലീഗിലും കണ്ടതാണ്.
അവൻ്റെ വഴിക്ക് അല്ല കാര്യങ്ങൾ എന്നാണെങ്കിൽ പിച്ചിൽ നിന്നും അവൻ അപ്രത്യക്ഷനാകുന്നു. കളിക്കളത്തിൽ അവൻ ഇല്ലാത്ത അവസ്ഥയാണ്. അവൻ ഗ്രൗണ്ടിൽ ഓടുകയല്ല മറിച്ച് നടക്കുകയാണ്. കളിയിൽ ശ്രദ്ധയില്ല. പന്തിനെ കുറിച്ച് പോലും അവൻ ആശങ്കപ്പെടുന്നില്ല.”- ഇതായിരുന്നു ഫ്രഞ്ച് സൂപ്പർ താരത്തിന്റെ വാക്കുകൾ.