ലോകകപ്പിന് തൊട്ടു മുൻപാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്താക്കിയത്. പ്രശസ്ത വാർത്ത അവതാരകനും മാധ്യമപ്രവർത്തകനുമായ പിയേഴ്സ് മോർഗന് നൽകി അഭിമുഖത്തിനിടയിൽ റൊണാൾഡോ പറഞ്ഞ ചില കാര്യങ്ങളാണ് യുണൈറ്റഡിൽ നിന്നും താരത്തെ പുറത്താക്കാനുള്ള മുഖ്യ കാരണം. പരിശീലകനായ എറിക് ടെന്‍ ഹാഗിനെതിരെയും മറ്റ് ഒഫീഷ്യൽസിനെതിരെയും താരം രൂക്ഷമായ വിമർശനമായിരുന്നു അഭിമുഖത്തിനിടയിൽ ഉയർത്തിയത്.
തൻ്റെ പഴയ ക്ലബ്ബ് തന്നെ പുറത്താക്കിയതോടെ നിലവിൽ ഫ്രീ ഏജൻ്റ് ആണ് താരം. തങ്ങളുടെ ഇതിഹാസ താരമായ റൊണാൾഡോ ഇല്ലാതെയാണ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് പോവുക. ഇപ്പോഴിതാ റൊണാൾഡോ ക്ലബ്ബിൽ ഇല്ലാത്തത് യുണൈറ്റഡിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരം സ്റ്റാൻ കോളിമോർ.
“റൊണാൾഡോ ക്ലബ്ബിൽ ഇല്ലാത്തത് അവരുടെ ഭാവിക്ക് ഗുണം ചെയ്യും. യുണൈറ്റഡിലെ എല്ലാ പ്രശ്നങ്ങളും റൊണാൾഡോ പോയതോടെ അവസാനിച്ചു. റൊണാൾഡോ ആയിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി യുണൈറ്റഡിന് ഉണ്ടായിരുന്ന തലവേദന. ഇനി പരിശീലകൻ എറിക് ടെൻ ഹാഗിന് റൊണാൾഡോയെ കുറിച്ചുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരില്ല.”- അദ്ദേഹം പറഞ്ഞു.
റൊണാൾഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് 2021ൽ ആയിരുന്നു. തിരിച്ചുവരവിൻ്റെ ആദ്യ സീസൺ തകർപ്പൻ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ആ സീസണിലെ യുണൈറ്റഡ് ടോപ് സ്കോറർ റൊണാൾഡോ ആയിരുന്നു. എന്നാൽ രണ്ടാമത്തെ സീസൺ താരം പ്രതീക്ഷിച്ചത് പോലെ ഒന്നും ആയിരുന്നില്ല സംഭവിച്ചത്. നിരന്തരമായി ബെഞ്ചിൽ ഇരുത്തിയത് താരത്തെ പ്രകോപിച്ചിരുന്നു. എന്തായാലും താരത്തിന്റെ ഭാവി തുലാസിലാണ്.