മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഖത്തർ ലോകകപ്പ് ഫൈനലിനു ശേഷം അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അശ്ലീല ആംഗ്യം കാണിച്ചു എന്ന് ആരോപിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. അവാർഡ് സ്വീകരിച്ച് ടീം അംഗങ്ങളുടെ അടുത്തേക്ക് പോകുന്നതിനിടയിലാണ് താരം ഇത്തരം കാര്യം കാണിച്ചത്. മാർട്ടിനെസ്സിന്റെ ഈ പ്രകടനം ഫിഫ തലവനും ഖത്തർ ഭരണാധികാരികളും നോക്കിനിൽക്കെ ആയിരുന്നു.
ഏത് വേദിയിലാണ് നിൽക്കുന്നത് എന്ന ബോധ്യം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും അവിടെ ചെയ്തത് അതിരുകടന്ന പ്രവർത്തിയാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മറ്റു ചിലർ താരത്തിന് പിന്തുണയുമായി രംഗത്ത് എത്തി. സന്തോഷത്തിൽ ചെയ്തു പോകുന്ന ഇത്തരം കാര്യങ്ങൾ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആക്കേണ്ട ആവശ്യമില്ല എന്നാണ് അത്തരം ആളുകൾ പറഞ്ഞത്. വലിയ രീതിയിൽ വിഷയം വിവാദമായതോടെ ഇപ്പോൾ ഇതിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാർട്ടിനസ്.
“ഫ്രഞ്ചുകാർ എന്നെ ചീത്ത വിളിച്ചത് കൊണ്ടാണ് ഞാൻ അത്തരം കാര്യം ചെയ്തത്. എനിക്ക് അഹങ്കരിക്കുന്നവരെ ഇഷ്ടമല്ല. ഞങ്ങൾ ഇവിടെ വരെ എത്തിയത് ഒത്തിരി കഷ്ടപ്പെട്ടിട്ടാണ്. ആ മത്സരം വളരെ സങ്കീർണ്ണം ആയതായിരുന്നു. അവർക്ക് ജയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യം കൊണ്ട് എനിക്ക് തടുക്കാൻ സാധിച്ചു.”- മാർട്ടിനസ് പറഞ്ഞു.
പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീനയുടെ രക്ഷകനായി എത്തിയത് മാർട്ടിനസ് ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെയും രക്ഷകനായി ഈ കാവൽക്കാരൻ അവതരിച്ചിരുന്നു. അർജൻ്റീനൻ ആരാധകർക്ക് എമിലിയാനോ മാർട്ടിനസ് എന്ന ഗോൾകീപ്പറോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.