ഡ്യൂറണ്ട് കപ്പിലെ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബാംഗ്ലൂരു എഫ്സിയോടാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. 45ാം മിനിറ്റില്‍ ഭൂട്ടിയയും 71ാം മിനിറ്റില്‍ മലയാളി താരം ലിയോണ്‍ അഗസ്റ്റിനും ബാംഗ്ലൂരു എഫ് സി ക്കായി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ബ്ലാസ്‌റ്റേഴ്‌സിന് കളിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. ബോക്‌സിനകത്ത് വലത് ഭാഗത്ത് നിന്ന് പന്ത് തൊടുക്കുമ്ബോള്‍ ഗോളി മാത്രമായിരുന്നു ശ്രീക്കുട്ടന് മുന്നില്‍. ഇടത് ഭാഗത്ത് ലൂണ നിലയുറപ്പിച്ചിരുന്നുവെങ്കിലും ശ്രീക്കുട്ടന്‍ വലയിലേക്ക് നേരെ തൊടുത്ത ഷോട്ട് ഗോളിയുടെ കയ്യില്‍ പതിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു ഫ്രീകിക്കിൽ നിന്ന് ബൂട്ടിയ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്.
രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഹോര്‍മിപാമിനെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി. 71ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ലിയോണ്‍ അഗസ്റ്റിനിലൂടെ ബെംഗളൂരു ലീഡുയര്‍ത്തി. ലിയോണിന്റെ കയ്യില്‍ തട്ടി ആയിരുന്നു പന്ത് വലയില്‍ എത്തിയത്. ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ക്ക് എതിരെ ഫൗളും ഉണ്ടായിരുന്നു.പക്ഷെ റഫറി ഗോള്‍ അനുവദിച്ചു.
ഹര്‍മന്‍പ്രീതിന്‍റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. 83, 86 മിനിറ്റുകളില്‍ സന്ദീപ് സിങും, ധെനെചന്ദ്രമെയ്‌ട്ടെയും ചുവപ്പ് കണ്ട് പുറത്തായതോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ടുപേരായി ചുരുങ്ങി.
വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ബെംഗളൂരു എഫ്.സിക്കും മൂന്ന് പോയിന്‍റായി. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. 21ന് ഡല്‍ഹി എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. അതില്‍ വന്‍ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമെ ബ്ലാസ്റ്റേഴ്സിന് നോകൗട്ടിലെത്താനാവൂ. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു പേര്‍ക്കാണ് നോക്കൗട്ട് പ്രവേശനം.