നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന യൂറോപ്യൻ വമ്പൻമാരായ ഹോളണ്ടിനെയാണ് പരാജയപ്പെടുത്തിയത്. ഇരു ടീമുകളും സെമിഫൈനലിൽ എത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്. ഇപ്പോഴിതാ അർജൻ്റീനയെ നേരിടാൻ ഒരുങ്ങുന്ന ക്രൊയേഷ്യൻ പരിശീലകൻ പറഞ്ഞ ചില വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നിലവിൽ മികച്ച ഫോമിലാണ് അർജൻ്റീനൻ നായകൻ ലയണൽ മെസ്സി. എന്നാൽ അദ്ദേഹത്തെ പേടിക്കേണ്ട ആവശ്യമില്ല എന്നാണ് ക്രൊയേഷ്യൻ പരിശീലകൻ പറയുന്നത്. നെയ്മറെ ക്വാർട്ടർ ഫൈനലിൽ പൂട്ടിയ അതേ തന്ത്രം സെമിഫൈനലിൽ മെസ്സിക്കെതിരെയും നടപ്പിലാക്കിയാൽ അദ്ദേഹത്തെ തടുക്കാൻ കഴിയുമെന്നാണ് പരിശീലകൻ സ്ളാക്കോ ദാലിച്ച് പറഞ്ഞത്.
സെമിഫൈനലിൽ അർജൻ്റീനയെ പരാജയപ്പെടുത്തിയാൽ തുടർച്ചയായി രണ്ടാം തവണയും തന്റെ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുവാൻ ദാലിച്ചിന് സാധിക്കും. അതേസമയം മറുഭാഗത്ത് ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസ്സിക്ക് ഒരു ലോക കിരീടം നേടിക്കൊടുക്കുവാൻ ആയിരിക്കും അർജൻ്റീന ഇറങ്ങുന്നത്. എന്തായാലും സെമിഫൈനലിൽ ശക്തമായ പോരാട്ടത്തിന് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കും എന്ന കാര്യം ഉറപ്പാണ്.