ഇന്നലെയായിരുന്നു ലോകകപ്പ് പോർച്ചുഗലിന്റെ മത്സരം. മത്സരത്തിൽ സ്വിറ്റ്സർലാൻഡ് ആയിരുന്നു പറങ്കിപ്പടയുടെ എതിരാളികൾ. ഒന്നിനെതിരെ ആറ് ഗോളുടെ വിജയമായിരുന്നു സ്വിറ്റ്സർലാൻഡിനെതിരെ പറങ്കിപ്പട ഇന്നലെ ഖത്തറിൽ നേടിയത്. ഇന്നലെ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്ഥാനം ഉണ്ടായിരുന്നില്ല.
സൂപ്പർതാരത്തിന്റെ അഭാവത്തിലും തകർപ്പൻ പ്രകടനം ആയിരുന്നു പോർച്ചുഗൽ കാഴ്ചവച്ചത്. റൊണാൾഡോയുടെ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ഹാട്രിക് നേടിയിരുന്നു. ഇപ്പോഴിതാ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിൽ പ്രതിഷേധിച്ച് വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പർ താരത്തിന്റെ പങ്കാളി ജോർജിന റോഡ്രിഗസ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രിയപത്നി വിമർശനമുന്നയിച്ചത്.
ഇത് എന്തൊരു നാണക്കേടാണ് എന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അവരുടെ വാക്കുകൾ വായിക്കാം..”പോർച്ചുഗലിന് അഭിനന്ദനങ്ങൾ നേരുന്നു. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ 90 മിനിറ്റ് കളിക്കളത്തിൽ ആരാധകർക്ക് കണ്ടുകൊണ്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് എന്തൊരു നാണക്കേടാണ്. ആരാധകർ അദ്ദേഹത്തിൻ്റെ പേര് വിളിച്ചു പറയുന്നതും അദ്ദേഹത്തിന് വേണ്ടി മുറവിളി കൂട്ടുന്നതും ഒന്നും അവസാനിച്ചിരുന്നില്ല.
മറ്റ് രൂപങ്ങളിൽ ഉള്ള തീരുമാനങ്ങൾ ഫെർണാണ്ടോ സാന്റോസ് ഇനി എടുക്കുമെന്ന് പ്രതീക്ഷിക്കാം.”-ജോർജീന കുറിച്ചു. എന്തായാലും സൂപ്പർതാരത്തിന്റെ അഭാവം തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന കളിയായിരുന്നു ഇന്നലെ പോർച്ചുഗൽ പുറത്തെടുത്തത്. പോർച്ചുഗലിനു വേണ്ടി യുവ താരങ്ങൾ ഉൾപ്പെടെ എല്ലാവരും മിന്നുന്ന പ്രകടനം ആയിരുന്നു പുറത്തെടുത്തത്.