ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശം പ്രകടനമാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെക്കുന്നത്. ആദ്യം മത്സരത്തിൽ നേടിയ പെനാൽറ്റി ഗോൾ ഒഴിച്ചാൽ കാര്യമായി പോർച്ചുഗലിന് എന്തെങ്കിലും സംഭാവനം ചെയ്യാൻ റൊണാൾഡോക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ സൗത്ത് കൊറിയക്കെതിരെയും റൊണാൾഡോ മോശം പ്രകടനമാണ് പുറത്തെടുത്തത്.
ഒരു ഓപ്പൺ ചാൻസ് നഷ്ടപ്പെടുത്തിയ താരം കൊറിയയുടെ ആദ്യ ഗോളിനും കാരണമായി. റൊണാൾഡോയുടെ ശരീരത്തിൽ തട്ടി വന്ന പന്ത് ആണ് കൊറിയൻ താരം എളുപ്പത്തിൽ ഗോൾ ആക്കി മാറ്റിയത്. മത്സരത്തിലെ 65ആം മിനിറ്റിൽ ഫെർണാണ്ടൊ സാൻൻ്റോസ് മോശം പ്രകടനം നടത്തിയ റൊണാൾഡോയെ പിൻവലിക്കുകയും ചെയ്തു. തന്നെ പിൻവലിച്ചപ്പോൾ മൈതാനം ഇടുന്നതിനിടയിൽ റൊണാൾഡോ ഒരു ആംഗ്യം കാണിച്ചിരുന്നു. അത് എല്ലാവരുടെയും ശ്രദ്ധയിൽ പെടുകയും ചെയ്തു.
എല്ലാവരും കരുതിയത് റൊണാൾഡോ ആംഗ്യം കാണിച്ചത് പരിശീലകനോടാണെന്നായിരുന്നു. എന്നാൽ താൻ കാണിച്ചത് പരിശീലകനോട് അല്ല എന്ന് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് റൊണാൾഡോ. താൻ വായടക്കാൻ പറഞ്ഞത് കൊറിയൻ താരത്തോട് ആണ് എന്നാണ് റൊണാൾഡോ വ്യക്തമാക്കിയത്.”സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത മൈതാനം വിടുന്ന എന്നോട് ഒരു കൊറിയൻ താരം വന്ന് വേഗത്തിൽ പോകാൻ പറഞ്ഞു. അവനോടാണ് ഞാൻ മിണ്ടാതിരിക്കാൻ പറഞ്ഞത്. അത്തരത്തിൽ ഒരു അഭിപ്രായം പറയാൻ യാതൊരുവിധ അധികാരവും അവന് ഇല്ല.”- റൊണാൾഡോ പറഞ്ഞു.
മത്സരത്തിൽ പോർച്ചുഗലിനെ ദക്ഷിണ കൊറിയ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കൊറിയയുടെ വിജയം. ആദ്യം ഗോൾ വഴങ്ങിയ കൊറിയ പിന്നീട് രണ്ടെണ്ണം തിരിച്ചടിക്കുകയായിരുന്നു. കൊറിയ വിജയിച്ചതോടെ ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വായ് ലോകകപ്പിൽ നിന്നും പുറത്തായി.