ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന്‍റെ വിജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വിജയത്തിനു ശേഷം ബ്രസീല്‍ കോച്ചായ ടിറ്റേ തന്റെ ടീമിന്റെ സ്പിരിറ്റിനെ പ്രശംസിച്ചു. മത്സരത്തില്‍ നേടിയ ഓരോ ഗോളും ഡാന്‍സ് കളിച്ചാണ് ബ്രസീല്‍ താരങ്ങള്‍ ആഘോഷിച്ചത്. എന്തിനു പറയുന്നു റിച്ചാര്‍ലിസന്‍റെ ഗോളിനു ശേഷം ബ്രസീല്‍ കോച്ചും ചുവടു വച്ചു.
“അവർ വളരെ ചെറുപ്പമാണ്, അവരുടെ ഭാഷയുമായി അൽപ്പം പൊരുത്തപ്പെടാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്, അവര്‍ക്കൊരു ഭാഷയുണ്ട്, അത് നൃത്തമാണ്.” മത്സര ശേഷം ബ്രസീല്‍ കോച്ച് പറഞ്ഞു.
താരങ്ങളുമായി ബന്ധപ്പെടാനും ഗ്രൂപ്പുമായി ഒത്തുചേരാനുമാണ് നൃത്തത്തിൽ ഏർപ്പെട്ടത് എന്ന് ടിറ്റേ പറഞ്ഞു. മത്സരത്തിനു മുമ്പ്, അവർ ചെയ്യുന്ന ഒരു നൃത്തം തനിക്ക് പരിചിതമായ ഒന്നിനോട് സാമ്യമുള്ളതാണെന്ന് പറഞ്ഞതായും അവർ അത് പഠിപ്പിച്ചാൽ ചെയ്യാമെന്നും പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ തന്റെ നൃത്തം തെറ്റായ വഴിക്ക് കൊണ്ടുപോകാനുള്ള സാധ്യതയെക്കുറിച്ച് ബ്രസീൽ പരിശീലകനും വളരെ ബോധവാനായിരുന്നു.
“ഞാൻ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അത് അനാദരവാണെന്ന് പറയുന്ന ചില ആളുകളുണ്ട്.” ഉദ്ദേശം അതല്ല, സന്തോഷത്തിന്റെ പ്രകടനമാണെന്നും 2016ൽ ബ്രസീലിയൻ ടീമായ ക്രൂസെയ്‌റോയെ പരിശീലിപ്പിച്ചതുമുതൽ തനിക്ക് അറിയാവുന്ന ദക്ഷിണ കൊറിയൻ കോച്ച് പൗലോ ബെന്റോയെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” ഗോള്‍ നേടിയതിലും, ടീമിനായും, ഇ പ്രകടനത്തനും ഈ റിസള്‍ട്ടിനും വളരെയേറെ സന്തോഷം ” ബ്രസീല്‍ കോച്ച് പറഞ്ഞു നിര്‍ത്തി.