ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ തകർപ്പൻ വിജയമാണ് ബ്രസീൽ നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു ബ്രസീൽ നാല് ഗോളുകളും നേടിയത്. സൗത്ത് കൊറിയയുടെ ആശ്വാസ ഗോൾ രണ്ടാം പകുതിയിലായിരുന്നു. ഇന്നലത്തെ വിജയത്തോടെ 2002ലെ ലോകകപ്പ് കിരീട നേട്ടം ബ്രസീൽ ഖത്തറിൽ ആവർത്തിക്കുമോ എന്നാണ് ബ്രസീൽ ആരാധകർ നോക്കുന്നത്.
ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ ബ്രസീലിൻ്റെ ചരിത്രവും കണക്കുകൂട്ടലുകളും അനുകൂലമാകുന്നതാണ് കാണുന്നത്. അന്ന് ബ്രസീൽ ലോകകപ്പ് നേടുമ്പോൾ ഏഷ്യൻ ടീമുകൾക്കായിരുന്നു ആതിഥേയത്വം. അന്നും ഏഷ്യൻ ടീമിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു. അന്ന് ബ്രസീൽ ആക്രമണത്തിന് മുന്നിൽ തകർന്ന് വീണത് ചൈന ആയിരുന്നു. ഇപ്പോൾ ഇതാ ഖത്തർ ലോകകപ്പിലും അതേ സാമ്യതകൾക്ക് ആവർത്തനം വന്നിരിക്കുകയാണ്.ഇന്നത്തെ പോലെ തന്നെ അന്നും ബ്രസീലിന് വേണ്ടി നാല് വ്യത്യസ്ത താരങ്ങളാണ് ഗോൾ കണ്ടെത്തിയത്.
അന്ന് റിവോൾഡോ, റൊണാൾഡോ, റൊണാൾഡിനോ, റോബർട്ടോ കാർലോസ് എന്നിവർ ഗോൾ നേടിയപ്പോൾ ഇന്ന് മഞ്ഞപ്പടക്ക് വേണ്ടി വിനീഷ്യസ് ജൂനിയർ, നെയ്മർ, റീച്ചാർലിസൺ, പക്വറ്റ എന്നിവരാണ് വല കുലുക്കിയത്. 2002ൽ ജർമ്മനിയെ തകർത്തായിരുന്നു ബ്രസീൽ ലോക കിരീടം നേടിയത്. അന്ന് ബ്രസീൽ ലോകകപ്പിൽ തകർത്താടിയപ്പോൾ രണ്ട് ഏഷ്യൻ രാജ്യങ്ങൾ ആയിരുന്നു ലോകകപ്പിന് വേദി വഹിച്ചിരുന്നത്. ദക്ഷിണ കൊറിയയും ജപ്പാനും അന്നത്തെ ലോകകപ്പ് പ്രീക്വാർട്ടറിൽ കളിച്ചിരുന്നു. അന്ന് ഈ ഏഷ്യൻ രാജ്യങ്ങൾ ലോകകപ്പിൽ പ്രീക്വാർട്ടറിൽ കടന്നപ്പോൾ വേറെ ഒരു ലോകകപ്പിലും അന്നുവരെ കാണാത്ത കൗതുകരമായ യാഥാർത്ഥ്യമാണ് ഉണ്ടായത്.
20 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യൻ മണ്ണിൽ ലോകകപ്പ് തിരിച്ചെത്തുന്നത്. ഇതോടെ ബ്രസീൽ കിരീടം നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്നത്തെ മത്സരത്തിൽ ചില റെക്കോർഡുകൾ സ്വന്തമാക്കാനും ബ്രസീലിനായി. ബ്രസീലിന് വേണ്ടി മൂന്നോ അതിലധികമോ ലോകകപ്പുകളിൽ വല കുലുക്കുന്ന താരം എന്ന റെക്കോർഡ് നെയ്മർ സ്വന്തമാക്കി.
ഈ റെക്കോർഡിൽ താരം മറികടന്നത് റൊണാൾഡോ, പെലെ എന്നിവരുടെ നേട്ടമാണ്. ഇന്നത്തെ ഗോൾ നേട്ടത്തോടെ ബ്രസീലിനു വേണ്ടി 77 ഗോൾ നേടി ഏറ്റവും കൂടുതൽ തവണ വലകുലുക്കിയ പെലയുടെ റെക്കോർഡിന് തൊട്ടു പിന്നാലെ എത്താനും നെയ്മറിന് സാധിച്ചു. 76 ഗോളുകളായി ഇപ്പോൾ രണ്ടാം സ്ഥാനത്താണ് നെയ്മർ. ലോകകപ്പിലെ തൻ്റെ ഏഴാമത്തെ ഗോളാണ് നെയ്മർ ഇന്ന് സൗത്ത് കൊറിയക്കെതിരെ നേടിയത്.