ഗ്രൂപ്പ് ജിയിൽ നിന്നും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് രാജ്യകീയമായാണ് ബ്രസീൽ ഫ്രീക്വാർട്ടറിലേക്ക് കടന്നത്. ആദ്യ മത്സരത്തിൽ സെർബിയക്കെതിരെ എതിരില്ലാത്ത രണ്ടുഗോളിനും രണ്ടാമത്തെ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനും ആണ് ബ്രസീൽ വിജയിച്ചത്. ആദ്യ മത്സരത്തിൽ റിചാർലിസൺ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ രണ്ടാം മത്സരത്തിൽ കാനറികളുടെ വിജയ ഗോൾ നേടിയത് കാസമിറോ ആയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കുന്നതിന് മുൻപാണ് ബ്രസീൽ പ്രീക്വാർട്ടർ യോഗ്യത നേടിയത്. കാമറൂണിനെതിരായ മത്സരം മാത്രമാണ് ഇനി ബ്രസീലിന് അവശേഷിക്കുന്നത്. അവസാന മത്സരത്തിൽ സമനില നേടിയാൽ പോലും ഗ്രൂപ്പ് ചാമ്പ്യന്മാർ ആകാൻ ബ്രസീലിന് സാധിക്കും. ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താൽ ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരുമായിട്ടായിരിക്കും ബ്രസീലിൻ്റെ പ്രീക്വാർട്ടർ മത്സരം.
നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ആഫ്രിക്കൻ വമ്പൻമാരായ ഘാന ആയിരിക്കും ഗ്രൂപ്പ് എച്ചില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക. അങ്ങനെ വന്നാൽ പ്രീക്വാർട്ടറിൽ ബ്രസീൽ ഘാനയെ നേരിടും. ഘാനയുടെ അവസാന മത്സരം ലാറ്റിനമേരിക്കൻ വമ്പൻമാരായ യുറുഗ്വായ്ക്കെതിരെയാണ്. ആ മത്സരം പരാജയപ്പെട്ടാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് (ഗോള്‍ വിത്യാസം അനുകൂലമാണെങ്കില്‍) യുറുഗ്വായി എത്തും.
അങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ പ്രീക്വാർട്ടറിൽ ലാറ്റിനമേരിക്കൻ ശക്തികളുടെ പോരാട്ടം ആയിരിക്കും. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള പോർച്ചുഗൽ അവസാന മത്സരം പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയാൽ, പ്രീ ക്വാർട്ടറിൽ ബ്രസീൽ-പോർച്ചുഗൽ പോരാട്ടം കാണാൻ ഫുട്ബോൾ ആരാധകർക്ക് സാധിക്കും. ഇതിൽ നിന്ന് എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുക ബ്രസീലിന് അത്ര എളുപ്പത്തിൽ പ്രീ ക്വാർട്ടർ കടക്കാൻ സാധിക്കില്ല എന്നാണ്. പരിക്കേറ്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമായ നെയ്മറിന് പ്രീക്വാർട്ടറിൽ കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.