ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊറിയന്‍ റിപബ്ലിക്കിനെ തകര്‍ത്ത് ബ്രസീല്‍ അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍റെ വിജയം.
ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ ആദ്യ നാലു ഗോളും പിറന്നത്. ആദ്യ പകുതിയില്‍ തന്നെ വിജയം ഉറപ്പിച്ച ബ്രസീല്‍, രണ്ടാം പകുതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. പരിക്കില്‍ നിന്നും തിരിച്ചെത്തിയ നെയ്മറെ മുതല്‍ ഗോള്‍കീപ്പര്‍ അലിസണെ വരെ മാറ്റി.
മൂന്നാം ഗോള്‍കീപ്പറായ വെവര്‍ട്ടണും ഇന്ന് ബ്രസീലിനായി വല കാത്തു. ഇതോടെ ലോകകപ്പ് സ്ക്വാഡിലെ 26 താരങ്ങളെയും ബ്രസീൽ കളത്തിലിറക്കി. മൂന്ന് ഗോൾകീപ്പർമാരടക്കം എല്ലാ ടീമംഗങ്ങളേയും ബ്രസീൽ കളിപ്പിച്ചതോടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ പുതിയ ചരിത്രം കുറിച്ചു.
ലോകകപ്പ് ചരിത്രത്തിൽ ഒരു ടൂർണമെന്റിൽ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ഉപയോഗിക്കാൻ പറ്റുന്നത്രയും താരങ്ങളെ മൈതാനത്തിറക്കിയ ആദ്യ ടീമായാണ് ബ്രസീൽ പുതുചരിത്രമെഴുതിയത്.