ഇന്നായിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സി പോരാട്ടം. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പരാജയം അറിയാത്ത കുതിപ്പ് തുടർന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് നിർണായകമായത് കോച്ച് ഇവാൻ വുകാമനോവിച്ച് നടത്തിയ ഒരു സബ്സ്റ്റിറ്റ്യൂഷൻ ആയിരുന്നു.
ഒഡീഷ പ്രതിരോധനിരയെ മറികടന്ന് ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് പ്രയാസപ്പെടുമ്പോഴാണ് 21 വയസ്സുകാരനായ നിഹാൽ സുധീഷിനെ കളത്തിലേക്ക് ഇറക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ യുവതാരം രാഹുലിന് പകരക്കാരൻ ആയിട്ടായിരുന്നു നിഹാൽ കളത്തിൽ ഇറങ്ങിയത്. സഹലിന്റെ സൂപ്പർ ത്രൂ ബോളിയുടെ ആയിരുന്നു നിഹാലിന്റെ ആദ്യ നീക്കം. തൻറെ 100% നൽകി ഡൈവ് ചെയ്തെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. പിന്നീട് അങ്ങോട്ട് ഒഡീഷ പ്രതിരോധനിരക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടുള്ള ബ്ലാസ്റ്റേഴ്സിൻ്റെ തുടർ ആക്രമണങ്ങൾ ആയിരുന്നു.
നിഹാലിനൊപ്പം പകരക്കാരനായി ഇറങ്ങിയ ബ്രൈസിൻ്റെ ക്രോസിൽ നിന്നും തകർപ്പൻ ഹെഡ്ഡറിലൂടെ സന്ദീപ് ഗോൾ കണ്ടെത്തിയതോടെ കൊമ്പന്മാർ ലീഡ് എടുത്തു. പിന്നീട് അങ്ങോട്ട് വലത് വിങ്ങിലൂടെ നിഹാൽ നടത്തുന്ന നിരന്തരമായ അറ്റാക്കിങ് റണ്ണുകൾ ഒഡീഷയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയതിനു ശേഷം ഒഡീഷക്ക് തിരിച്ചടിക്കാൻ ഒരു അവസരം പോലും ലഭിച്ചില്ല. പകരക്കാരനായി ഇറങ്ങിയ ജിയാനുവും തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ജിയാനുവിന് നിഹാൽ നൽകിയ തകർപ്പൻ പാസ് കേരളത്തിന്റെ രണ്ടാം ഗോൾ ആകും എന്ന് കരുതിയെങ്കിലും റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ അത് ഓഫ് സൈഡ് ആണെന്ന് വിധിച്ചു. ഇതിനുശേഷം രണ്ട് തവണയാണ് ഒഡീഷ ഗോൾ കീപ്പർ അമരീന്ദറിനെ നിഹാൽ വിറപ്പിച്ചത്. ഒരു തവണ ഇടം കാലൻ ഷോട്ട് പുറത്തേക്ക് പോയപ്പോൾ രണ്ടാമത്തെ ഷോട്ട് ഒഡീഷ കാവൽക്കാരൻ തടുത്തു. ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളർന്നുവന്ന നിഹാലിന്റെ പ്രകടനം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.