ബാഴ്സ അവസാനിച്ചു എന്ന് പറഞ്ഞു നടന്നവർക്ക് കാൽപന്ത് കളിയിലൂടെ തന്നെ കനത്ത മറുപടി നൽകിക്കൊണ്ട് പഴയ പ്രതാപത്തിലേക്ക് ക്ലബ് ഇതിഹാസം സാവിയുടെ നേതൃത്വത്തിൽ തിരിച്ചെത്തുകയാണ് ബാഴ്സലോണ.
ലാലിഗയിൽ എൽക്ലാസിക്കോ മത്സരത്തിൽ ലാലിഗ ടേബിൾ ടോപേഴ്‌സായ റയൽ മാഡ്രിഡിനെ അവരുടെ ഹോം ഗ്രൗണ്ടിൽ വച്ച് തകർത്തുകൊണ്ട് ബാഴ്സ ആറാടുകയാണ്.
എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. ഇരട്ട ഗോൾ നേടി പിയർ എറിക് ഒബമയാങ്ങും, ഓരോ ഗോളുകൾ വീതം നേടിയ റൊണാൾഡോ അറോഹയും ഫെറാൻ ടോറസും ആയിരുന്നു ബാഴ്സയുടെ വിജയ് ശിൽപികൾ.
കരീം ബെൻസിമ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡിനെതിരെ കളിയുടെ സമസ്ത മേഖലകളിലും ബാഴ്സ മുന്നിട്ടുനിന്നു. മത്സരത്തിന് 29 ആം മിനിറ്റിൽ ഒബമയാങ്ങാണ് ബാഴ്സലോണയുടെ ആദ്യ ഗോൾ കണ്ടെത്തിയത്. തുടർന്ന് 38 മിനിറ്റിൽ റൊണാൾഡ് അറോഹയിലൂടെ ബാർസ ലീഡുയർത്തി.
ഇടവേളക്കുശേഷം രണ്ടാം മിനിറ്റിൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സ ടീമിൽ എത്തിച്ച സ്പാനിഷ് യുവതാരം ടോറസ് ലക്ഷ്യം കണ്ടു. 51 ആം മിനിറ്റിൽ ഒബമയാങ്ങ് രണ്ടാം ഗോളും ബാഴ്സയുടെ നാലാം ഗോളും നേടി റയലിൻ്റെ പെട്ടിയിൽ അവസാന ആണിയടിച്ചു.
ബാഴ്സക്കെതിരെ കനത്ത തോൽവി വഴങ്ങിയെങ്കിലും റയലിൻ്റെ ഒന്നാം സ്ഥാനത്തിന് പോറൽ ഒന്നും ബാധിച്ചിട്ടില്ല. 29 മത്സരങ്ങളിൽ നിന്ന് 66 പോയിൻ്റുമായി റയൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലത്തെ ജയത്തോടെ ബാഴ്സ പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. 28 കളികളിൽ നിന്ന് 54 പോയിൻറ്കൾ ആണ് ബാഴ്സയ്ക്ക് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള സേവിയ്യക്ക് 57 പോയിൻ്റാണ് ഉള്ളത്.