ഖത്തർ ലോകകപ്പിലെ ആവേശകരമായ കലാശ പോരാട്ടത്തിൽ അർജൻ്റീനയും ഫ്രാൻസും ആണ് ഏറ്റുമുട്ടുന്നത്. 36 വർഷങ്ങൾക്ക് ശേഷം ലോക കിരീടം നേടുക എന്ന ലക്ഷ്യത്തോടെ അർജൻ്റീന ഇറങ്ങുമ്പോൾ ഫ്രാൻസ് ഇറങ്ങുന്നത് തങ്ങളുടെ കിരീടം നിലനിർത്താൻ ആയിരിക്കും. ഇന്ത്യൻ സമയം രാത്രി 8.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ആവേശകരമായ കലാശ പോരാട്ടം. ഈ ലോകകപ്പിൽ ഫ്രാൻസിന്റെ കുതിപ്പിന് മുഖ്യപങ്ക് വഹിക്കുന്നത് മദ്യനിര താരമായ ഗ്രീസ്മാൻ ആണ്.
പ്രതിരോധത്തിലും മധ്യനിരയിലും താരം ടീമിന് നൽകുന്ന പങ്ക് ചെറുതല്ല. അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ബാഴ്സയിൽ എത്തിയ താരത്തിന് അവിടെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ എങ്ങനെ താരത്തെ ഉപയോഗിക്കണം എന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദേശാംപ്സിന് കാര്യമായി അറിയാം. അത് തന്നെയാണ് ഈ ലോകകപ്പിലൂടെ താരം തെളിയിക്കുന്നതും. ഗോളുകൾ ഒന്നും നേടിയിട്ടില്ലെങ്കിലും താരം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
താരത്തെ പൂട്ടാൻ അർജൻ്റീന ഏൽപ്പിക്കുക എൻസോ ഫെർണാണ്ടസിനെ ആയിരിക്കും. ഫ്രാൻസിന്റെ അതിവേഗ ഓട്ടക്കാരനായ എംബാപ്പെയെ തടയാൻ അര്‍ജന്‍റീനക്ക് സാധിക്കുമോ എന്നത് സംശയമാണ്. താരത്തെ പൂട്ടാൻ പരിശീലകൻ ലയണൽ ഏൽപ്പിക്കുക മോളീനയെ ആയിരിക്കും. രണ്ട് യെല്ലോ കാർഡ് കണ്ടതിനാൽ സെമിഫൈനലിൽ കളിക്കാൻ സാധിക്കാതിരുന്ന താരത്തിന് ഫൈനലിൽ കളിക്കാൻ പറ്റും. അർജൻ്റീനക്ക് കാര്യങ്ങൾ എളുപ്പമാകണമെങ്കിൽ എംബാപ്പയെ തടഞ്ഞു നിർത്താൻ സാധിക്കണം.
ഗ്രീസ്മാനേയും എംബാപ്പയെയും പൂട്ടിയാൽ അർജൻ്റീനക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അതേസമയം അർജൻ്റീനയുടെ എഞ്ചിൻ ആയ ലയണൽ മെസ്സിയെ പൂട്ടുന്ന ചുമതല റയൽ മാഡ്രിഡ് യുവതാരം ചുവാമേനിക്ക് ആയിരിക്കും. താരത്തെ സഹായിക്കാൻ അഡ്രിയാൻ റാബിയോട്ടും മദ്യനിരയിൽ ഉണ്ടാകും. നിലവിൽ ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസ്സി കാഴ്ചവെക്കുന്നത്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം ഇതുവരെ നേടിക്കഴിഞ്ഞു. എന്തായാലും ശക്തമായ ഒരു പോരാട്ടം ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.