ഫിഫ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രോയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത 3 ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. അല്‍വാരസിന്‍റെ ഇരട്ട ഗോളിലും മെസ്സിയുടെ പെനാല്‍റ്റി ഗോളിലുമാണ് അര്‍ജന്‍റീനയുടെ വിജയം. ഫൈനലില്‍ ഫ്രാന്‍സ് – മൊറോക്കോ പോരാട്ടത്തിലെ വിജയികളെ നേരിടും.
മത്സരത്തിന്‍റെ തുടക്കത്തിലേ മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യന്‍ മധ്യനിര നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കൊവാസിച്ച് ഉണര്‍ന്നു കളിച്ചതോടെ അര്‍ജന്‍റീന കൂടുതല്‍ സമയം കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വന്നു. പന്ത് കിട്ടുമ്പോള്‍ കൗണ്ടര്‍ അറ്റാക്കിങ്ങാണ് അര്‍ജന്‍റീന നടത്തിയത്. മറുവശത്ത് പന്ത് കൈവശം വച്ച് പുറകില്‍ നിന്നും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുക എന്നതായിരുന്നു ക്രൊയേഷ്യയുടെ രീതി.
അതുവരെ ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യ ഒരു പെനാല്‍റ്റിയിലൂടെ തളര്‍ന്നു. ജൂലിയന്‍ അല്‍വാരസിനെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിനു അര്‍ജന്‍റീനക്ക് പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി എടുത്ത ലയണല്‍ മെസ്സി ലിവക്കോവിച്ചിനെ മറികടന്നു ലക്ഷ്യത്തില്‍ എത്തിച്ചു.
അഞ്ച് മിനിറ്റിനു ശേഷം അര്‍ജന്‍റീന രണ്ടാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കില്‍ നിന്നും ജൂലിയന്‍ അല്‍വാരസിന്‍റെ മുന്നേറ്റം. പന്ത് തടയാനെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ വീണ്ടും കാലിലേക്ക് പന്തെത്തി. ക്ലോസ് റേഞ്ച് ഫിനിഷിലൂടെ അല്‍വാരസ് ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയില്‍ ചെറിയ ചെറിയ പാസ്സുകള്‍ നടത്തി അര്‍ജന്‍റീനന്‍ ബോക്സിലേക്ക് എത്തിയെങ്കിലും അര്‍ജന്‍റീനന്‍ ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ പോലും കഴിഞ്ഞില്ലാ.
58ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. 62ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് ഒരു അവസരം ഉണ്ടായിരുന്നെങ്കിലും അര്‍ജന്‍റീനന്‍ പ്രതിരോധം രക്ഷപ്പെടുത്തി.
69ാം മിനിറ്റില്‍ മനോഹരമായ അല്‍വാരസിന്‍റെ രണ്ടാം ഗോള്‍ പിറന്നു. ലോകകപ്പിലെ മെസ്സിയുടെ മറ്റൊരു മായാജാലമാണ് കണ്ടത്. വലത് വിങ്ങിലൂടെ ബോക്സിലേക്ക് എത്തിയ ലയണല്‍ മെസ്സി അല്‍വാരസിനു മറിച്ചു നല്‍കി. വെറുതേ തട്ടിയിടേണ്ട ജോലി മാത്രമാണ് അല്‍വാരസിനുണ്ടായിരുന്നത്. അത്രത്തോളം കിറു കൃത്യമായിരുന്നു മെസ്സിയുടെ അസിസ്റ്റ്.
വീണ്ടും ലീഡ് ഉയര്‍ത്താന്‍ മാക് അലിസ്റ്ററിനു അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു അരികിലൂടേ പോയി. പിന്നീട് കാര്യമായ അവസരങ്ങള്‍ പിറന്നില്ലാ. റെഗുലര്‍ ടൈമും ഇഞ്ചുറി ടൈമും നന്നായി പ്രതിരോധിച്ച് ഗോള്‍ വഴങ്ങാതെ അര്‍ജന്‍റീന ഫൈനലില്‍ എത്തി.