ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയും ചിലിയും സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. പെനാല്‍റ്റിയില്‍ നിന്നും ലയണല്‍ മെസ്സി ഗോള്‍ നേടിയപ്പോള്‍, സാഞ്ചസാണ് ചിലിയുടെ സമനില ഗോള്‍ നേടിയത്.
23ാം മിനിറ്റില്‍ ലൗതാറോ മാര്‍ട്ടിനെസിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് വാറിലൂടെ അര്‍ജന്‍റീനക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പെനാല്‍റ്റിയില്‍ നിന്നും ലക്ഷ്യം കണ്ടു.
എന്നാല്‍ അധികം വൈകാതെ ചിലിയുടെ സമനില ഗോള്‍ പിറന്നു. ഫ്രീകിക്കില്‍ നിന്നും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സാഞ്ചസാണ് ലക്ഷ്യം കണ്ടത്. ഇരു ടീമിനും മുന്നിലെത്താന്‍ അവസരങ്ങളുണ്ടായിരുന്നു. മെസ്സിയുടെ രണ്ട് ഫ്രീകിക്കില്‍ ഒരെണ്ണം ഗോള്‍കീപ്പര്‍ ബ്രാവോ രക്ഷിച്ചപ്പോള്‍ ഒരെണ്ണം ബാറില്‍ തട്ടി.
സമനിലയോടെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്‍റീന. 5 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റാണ് ഇതുവരെ തോല്‍ക്കാത്ത അര്‍ജന്‍റീനക്കുള്ളത്. 12 പോയിന്‍റുമായി ബ്രസീലാണ് മുന്നില്‍.
അര്‍ജന്‍റീനയുടെ അടുത്ത മത്സരം കൊളംബിയക്കെതിരെയാണ്. മോശം ഫോം തുടരുന്ന ചിലി ആറാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ ബോളിവയെ നേരിടും.