അർജൻ്റീനയുടെ വേൾഡ് കപ്പ് കിരീടത്തിലേക്കുള്ള യാത്ര സംഭവമായിരുന്നു. ഫ്രാൻസിനെ കലാശ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന ലോകകിരീടം ഉയർത്തിയത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു അര്‍ജന്‍റീന തുടങ്ങിയത്.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെ എല്ലാവരും എഴുതി തള്ളിയ അർജൻ്റീന പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചുവരികയായിരുന്നു. അർജൻ്റീനയുടെ ലോകകപ്പ് ജൈത്ര യാത്രയിൽ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത് ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു. മുഴുവൻ സമയവും ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അന്ന് അർജൻ്റീന വിജയിച്ചത്. ഇപ്പോഴിതാ ആ മത്സരത്തെക്കുറിച്ച് അർജൻ്റീന സൂപ്പർ താരം നിക്കോളാസ് ടാഗ്ലിയാഫിക്കോ പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
“ഹോളണ്ടിനെ പരാജയപ്പെടുത്തിയപ്പോഴാണ് ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം നേടിയതിനേക്കാൾ ഞങ്ങൾ ആഘോഷിച്ചന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരിക്കലും പുറത്ത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒന്നാണ് ഹോളണ്ടിനെതിരെ 2 ഗോളുകൾ വഴങ്ങിയപ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന മാനസികാവസ്ഥ. പക്ഷേ ഞങ്ങളുടെ മാനസികമായ കരുത്ത് മറ്റൊരു ടീമിലും ഞാൻ കണ്ടിട്ടില്ല.
ഞങ്ങളെ ലോക ചാമ്പ്യന്മാർ ആക്കിയത് അത് തന്നെയാണ്. തർക്കങ്ങൾ ഒന്നുമില്ലാത്ത കാര്യമാണ് അർജൻ്റീന താരങ്ങൾ എല്ലാം മറന്ന് പോരാടിയത് കൊണ്ടാണ് വേൾഡ് കപ്പ് കിരീടം ലഭിച്ചത് എന്ന കാര്യം. ആദ്യ മത്സരം പരാജയപ്പെട്ടതിനുശേഷം ബാക്കിയുള്ള എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് ജീവൻ മരണ പോരാട്ടം ആയിരുന്നു. ഞങ്ങളെ കിരീടത്തിലേക്ക് നയിക്കാൻ കാരണം എല്ലാ മത്സരങ്ങളും ആ രൂപത്തിൽ സമീപിച്ചത് തന്നെയാണ്.”- താരം പറഞ്ഞു.